-->
അമ്പലവയല്‍: അടിസ്‌ഥാന സൗകര്യങ്ങളും വികസനങ്ങളുമില്ലാതെ നശിക്കുകയാണ് ചീങ്ങേരി ട്രൈബല്‍ ഫാം. 1956ല്‍ പട്ടികവര്‍ഗ വിഭാഗത്തിനും ഉന്നമനത്തിനും അവര്‍ക്കു സ്‌ഥിര വരുമാനത്തിനുമായി ആരംഭിച്ച 182 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമാണ് നൂതന പദ്ധതികളോ ആസൂത്രണങ്ങളോ, അടിസ്‌ഥാന സൗകര്യങ്ങളോ ഇല്ലാതെ നശിക്കുന്നത്. 100 ഏക്കറിലേറെ വരുന്ന കാപ്പിത്തോട്ടവും 82 ഏക്കര്‍ മോഡല്‍ ഫാമും അടങ്ങുന്ന ചിങ്ങേരി ഫാമിന്റെ പ്രദേശത്തിലേറെയും കാടുമൂടിയും ഉപയോഗിക്കാതെയും കിടക്കുകയാണ്.
കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി ഫാമിന്റെ അടിസ്‌ഥഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഉപയോഗപ്പെടുത്തിയാല്‍ ലക്ഷങ്ങളുടെ വരുമാനവും ഒട്ടേറെ പേര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കും. ചീങ്ങേരി ഫാമിന്റെ പ്രധാന വിളയായ 100 ഏക്കറോളം വരുന്ന കാപ്പിക്കൃഷിയില്‍ നിന്നി ലഭിക്കുന്ന വിളവ് വളരെ ചെറുതാണ്. ഏറെ സ്‌ഥലത്ത് കാപ്പി ചെടികളെല്ലാം നശിച്ചതിനാല്‍ 94 ഏക്കറിലെ ഇപ്പോള്‍ കാപ്പിയുള്ളു. കാലപ്പഴക്കമുള്ള കാപ്പിത്തൈകളാണ് ഫാമിലേറെയും. ഇതെല്ലാം മാറ്റി അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങള്‍ പുനഃസ്‌ഥാപിക്കേണ്ട കാലം കഴിഞ്ഞെങ്കിലും അതും ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഒരു ചെടിയില്‍ നിന്ന് അഞ്ചു കിലോ വരെ കാപ്പി സാധാരണ കര്‍ഷകര്‍ക്കു ലഭിക്കുമ്പോള്‍ ഇവിടെ ലഭിക്കുന്നത് അരക്കിലോ മാത്രമാണ്.
തൊഴിലാളികളുടെ കുറവും വേണ്ടത്ര പരിപാലനം ലഭിക്കാത്തതുമാണ് കാപ്പിച്ചെടികള്‍ക്ക് വിളവ് കുറയാന്‍ കാരണം. ഒപ്പം കാപ്പി വിളവെടുപ്പ് സീസണായാല്‍ മോഷ്‌ടാക്കളുടെ ശല്യവുമുണ്ട്. സുരക്ഷ വേലിയോ സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ മോഷ്‌ടാക്കള്‍ക്ക് എളുപ്പമാണ്. ഈ വര്‍ഷവും ഒട്ടേറെ തവണ മോഷണം നടക്കുകയും മോഷ്‌ടാക്കള്‍ പിടിയിലാവുകയും ചെയ്‌തെങ്കിലും സുരക്ഷ സംവിധാനം ഒരുക്കാന്‍ കഴിയാത്തതിനാല്‍ മോഷണം തടയാന്‍ കഴിയാത്ത അവസ്‌ഥയാണ്. കാപ്പിയോടൊപ്പം വിവിധയിനം കുരുമുളക് ചെടികള്‍, സപ്പോട്ട തോട്ടം, അവക്കാഡോ, കിഴങ്ങ് വര്‍ഗങ്ങള്‍, കമുക്, തെങ്ങ്, യൂക്കാലി കറുവപ്പട്ട എന്നിവയും ഫാമിലുണ്ട്.
ഇത്രയും ഭൂവിസ്‌തൃതിയുള്ള ഫാമായിട്ടും ഇവിടെ തൊഴിലെടുക്കാനുള്ളത് 11 തൊഴിലാളികള്‍ മാത്രമാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് 31 പേരെ നിയമിച്ചെങ്കിലും അതില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 3 സ്‌ത്രീകളും 8 പുരുഷന്മാരും മാത്രമാണ്. ഇതില്‍ ഭുരിഭാഗം പേര്‍ക്കും ശാരീരിക അവശതകളുള്ളവരായതിനാല്‍ ജോലികളെയും ബാധിക്കുന്നുണ്ട്. ഇത്രയും പേരെ ഉപയോഗപ്പെടുത്തി 182 ഏക്കറിലെ പ്രവൃത്തികള്‍ നടത്താന്‍ സാധിക്കാത്തിനാല്‍ പകുതിയിലേറെ സ്‌ഥലങ്ങളും കാടുകയറി കിടക്കുകയാണ്.
മികച്ച രീതിയില്‍ നടത്തിയാല്‍ നാടിന് ഗുണപ്രദമാകുകയും ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും സര്‍ക്കാരിന് സാമ്പത്തിക ലാഭവും ലഭിക്കുന്നതാണ് ചീങ്ങേരി ഫാം. കൂടുതല്‍ തൊഴിലാളികളെ നിയമിച്ചു വിളകള്‍ക്ക് കൃത്യമായ പരിപാലനം ഒരുക്കുകയും കൂടുതല്‍ പദ്ധതികളും നടപ്പിലാക്കിയാല്‍ ലക്ഷങ്ങള്‍ വരുമാനം ലഭിക്കും.
ഒപ്പം പ്രദേശത്തെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഒട്ടേറെ പേര്‍ക്കു സ്‌ഥിരം ജോലിയും വരുമാനവും ലഭിക്കുമെന്നതും നേട്ടമാണ്. ഫാമിന് അടിസ്‌ഥാന സൗകര്യവും ഒരുക്കേണ്ടത് അത്യാവശ്യമാണ്.
നിലവില്‍ സുരക്ഷ വേലികളെന്നുമില്ലാത്തതിനാല്‍ ഫാമിന്റെ സ്‌ഥലത്തെല്ലാം സാമൂഹികവിരുദ്ധരുടെ ശല്യവും ഏറെയാണ്. തൊഴിലാളികളില്ലാതെയും സംരക്ഷിക്കാന്‍ നടപടിയുമില്ലാതെ നശിക്കുന്ന ഫാമിനെ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.