-->
കല്‍പ്പറ്റ: തിരിഞ്ഞു നോക്കാനാളില്ലാതെ കാടുമൂടി മുണ്ടേരിയിലെ മുനിസിപ്പല്‍ പാര്‍ക്ക്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടും കാടുമൂടിക്കിടക്കുകയാണ് പാര്‍ക്ക്. ഊഞ്ഞാല്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളെല്ലാം ഉപയോഗിക്കാതെ നശിക്കുകയാണ്.
ഉദ്‌ഘാടനത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട അവസ്‌ഥയിലായ പാര്‍ക്ക് ഇപ്പോള്‍ സമൂഹവിരുദ്ധരുടെ കേന്ദ്രംകൂടിയാവുകയാണ്. കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് സമയം ചെലവഴിക്കാനുമൊക്കെയായി നിര്‍മിച്ച പാര്‍ക്കില്‍ ഇപ്പോള്‍ മദ്യത്തിന്റെ കുപ്പികളും ലഹരി വസ്‌തുക്കളുടെ പായ്‌ക്കറ്റുകളുമൊക്കെ നിറഞ്ഞിരിക്കുകയാണ്. 2023 മേയ് 27ന് ഉദ്‌ഘാടനം ചെയ്‌ത പാര്‍ക്കാണ് മൂന്നു വര്‍ഷമാവുമ്പോഴേക്കും ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ടൈല്‍ പതിച്ച ശൗചാലയം വരെ തകര്‍ന്ന് നശിച്ചുപോയി.
പ്ലാസ്‌റ്റിക് കുപ്പികളും, നിരോധിത ലഹരിവസ്‌തുക്കളുടെ കവറുമൊക്കെയാണ് ശൗചാലയത്തില്‍ നിറഞ്ഞിരിക്കുന്നത്. ആദ്യം വനംവകുപ്പിന്റെ കൈവശമായിരുന്ന പാര്‍ക്ക് നഗരസഭ ഏറ്റെടുത്താണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 25 ലക്ഷം രൂപ സി.എഫ്.സി. ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. ടി. സിദ്ദിഖ് എം.എല്‍.എ. അനുവദിച്ച 10 ലക്ഷം രൂപ മുടക്കി പാര്‍ക്കിനുള്ളില്‍ എല്‍.ഇ.ഡി. ബള്‍ബുകളും സ്‌ഥാപിച്ചു. ഇതിനുപുറമേ പാര്‍ക്കില്‍ ഓപ്പണ്‍ ജിം തുടങ്ങാനായി നഗരസഭ അഞ്ചുലക്ഷം രൂപ മാറ്റിവെച്ചെങ്കിലും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായതുമില്ല.
തുടക്കത്തില്‍ പാര്‍ക്ക് നടത്തിപ്പിനായി കരാറുകാരനെ ഏല്‍പ്പിച്ചെങ്കിലും മാസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പിന്നീട് നിലച്ചുപോയി. 2025 ഫെബ്രുവരിയില്‍ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തിക്കാനായി സ്വകാര്യ വ്യക്‌തിക്ക് കരാര്‍ നല്‍കിയെങ്കിലും അതും മുന്നോട്ടുപോയില്ല. മുളയും ഷീറ്റും ഉപയോഗിച്ച് സ്‌റ്റേജ് നവീകരണം ഉള്‍പ്പെടെ തുടങ്ങിയെങ്കിലും അതൊന്നും പൂര്‍ത്തിയായില്ല. ഇപ്പോള്‍ ഇഴജന്തുക്കള്‍ നിറഞ്ഞ അവസ്‌ഥയിലാണ് പാര്‍ക്ക്. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും പാര്‍ക്കില്‍ നിറഞ്ഞ കാടുവെട്ടിത്തെളിച്ച് പരിപാലിക്കാന്‍ പോലും ആരുമില്ലാത്ത അവസ്‌ഥയിലാണ്. ഓരോ ദിവസം കഴിയുംതോറം പാര്‍ക്ക് കൂടുതല്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും നശിച്ചുപോകും മുന്‍പേ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.