Tuesday, March 10, 2026 Last Updated 52 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.38 AM

കോഴിക്കോട്ട്‌ 12 റോഡുകളുടെ പ്രവൃത്തി ആരംഭിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

uploads/news/2026/03/829323/2.jpg

കോഴിക്കോട്‌: 1000 കോടിയിലധികം രൂപ ചെലവിട്ട്‌ കോഴിക്കോട്ട്‌ 12 റോഡുകളുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്ന്‌ പൊതുമരാമത്ത്‌-ടൂറിസം വകുപ്പ്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്‌കുന്ന്‌ റോഡിന്റെ നവീകരിച്ച മാനാഞ്ചിറ-മലാപ്പറമ്പ്‌ റീച്ചിന്റെ സമര്‍പ്പണവും രണ്ടാംഘട്ടമായ മലാപ്പറമ്പ്‌-വെള്ളിമാട്‌കുന്ന്‌ റീച്ചിന്റെ പ്രവൃത്തി ഉദ്‌ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ കാരണം മലാപ്പറമ്പ്‌-വെള്ളിമാട്‌കുന്ന്‌ നാലുവരിപ്പാത പദ്ധതി ആദ്യം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ നിന്നുള്ള എന്‍.ഒ.സിക്കായി കാത്തുനില്‍ക്കാതെ പദ്ധതിയെ രണ്ട്‌ ഭാഗങ്ങളായി തിരിച്ച്‌ നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ഭാഗത്ത്‌ പ്രവൃത്തി ആരംഭിക്കുകയും മറുഭാഗത്ത്‌ എന്‍.ഒ.സിക്ക്‌ വേണ്ടി ശ്രമിക്കുകയും ചെയ്‌തു. തടസ്സങ്ങള്‍ നീങ്ങിയതോടെ മുഴുവന്‍ ദൂരവും നവീകരിക്കാന്‍ സാധിക്കുന്നത്‌ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈ റോഡ്‌ നവീകരിക്കുന്നതോടെ കോഴിക്കോട്‌ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ വലിയ പരിഹാരമാകും. നാടിന്‌ ലഭിക്കുന്ന സമയലാഭം വര്‍ഷങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹി ന്യൂ ഡല്‍ഹി ആയതുപോലെ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റ്‌ ആക്കി മാറ്റാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. 1000 കോടിയിലധികം രൂപ വരുന്ന പാരിസ്‌ മോഡല്‍ കനാല്‍ സിറ്റി പദ്ധതിയും ബി.എം ആന്‍ഡ്‌ ബി.സി നിലവാരത്തിലുള്ള റോഡുകളും നഗരത്തിന്റെ മുഖച്‌ഛായ മാറ്റും. എന്‍.എച്ച്‌ 66 യാഥാര്‍ഥ്യമാകുന്നതും തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചതും പുതിയ പാലം യാഥാര്‍ഥ്യമായതും ആലപ്പുഴയിലെ പെരുമ്പളം പാലം വന്നതുമെല്ലാം സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും നിശ്‌ചയദാര്‍ഢ്യത്തിന്റെയും ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിന്റെ കോഴിക്കോട്‌ നഗരപാത വികസന പദ്ധതിയില്‍ 8.392 കിലോമീറ്ററാണ്‌ 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി വികസിപ്പിക്കുന്നത്‌. ഇതില്‍ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ്‌ റീച്ചില്‍ 5.320 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി പാതയായാണ്‌ ആദ്യഘട്ട വികസനം.
ഡ്രെയിനേജ്‌, ഡക്‌ട് എന്നിവയ്‌ക്ക് സ്ലാബിടല്‍, നടപ്പാതയില്‍ ഇന്റര്‍ലോക്ക്‌ പതിക്കല്‍, ഡിവൈഡറുകള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ്‌ ശേഷിക്കുന്നത്‌. മാനാഞ്ചിറ-മലാപ്പറമ്പ്‌ റീച്ചിന്‌ 76.90 കോടി രൂപയാണ്‌ ചെലവ്‌. 8.5 മീറ്റര്‍ വീതിയുള്ള രണ്ട്‌ ഭാഗങ്ങളാണ്‌ റോഡിനുണ്ടാകുക. നടുവില്‍ മീഡിയനും ഇരുവശങ്ങളിലും രണ്ട്‌ മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും. ഒമ്പതോളം ജങ്‌ഷനുകളുണ്ട്‌. മലാപറമ്പ്‌ മുതല്‍ വെള്ളിമാടുകുന്ന്‌ വരെയുള്ള റോഡ്‌ പ്രവൃത്തിക്ക്‌ ആകെ നീളം 3.027 കിലോമീറ്ററാണ്‌. 50.49 കോടി രൂപയാണ്‌ ചെലവ്‌.
മലാപ്പറമ്പില്‍ നടന്ന ഉദ്‌ഘാടന ചടങ്ങിനു ശേഷംമന്ത്രി ഘോഷയാത്രയായി മാനാഞ്ചിറയിലെത്തി.
എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ്‌ ദേവര്‍കോവില്‍, മേയര്‍ ഒ.സദാശിവന്‍, മുന്‍ മേയര്‍ ബീന ഫിലിപ്പ്‌, എ.ഡി.എം സി. മുഹമ്മദ്‌ റഫീഖ്‌, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ പി.നിഖില്‍, കെ.ആര്‍.എഫ്‌.ബി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ എം. അശോക്‌ കുമാര്‍, ടീം ലീഡര്‍ എ.വി. വിശ്വപ്രകാശ്‌, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 10 Mar 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW