-->
കവിയൂര്‍: സ്‌ത്രീകളുടെ ശക്‌തിയും ധൈര്യവും ത്യാഗവും സ്‌നേഹവും ആദരിക്കുന്ന സമൂഹമായി മാറണമെന്ന് സംസ്‌ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബേത്ത് മാമ്മന്‍ മത്തായി. സ്‌ത്രീകളെ ആദരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സമത്വം ഉറപ്പാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ പൊതുവായ കടമയാണെന്നും അവര്‍ പറഞ്ഞു. വൈ.എം.സി.എ സൗത്ത് വെസ്‌റ്റ് ഇന്ത്യ റീജിയനും വനിതാ ഫോറവും സംയുക്‌തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ വനിതാ ദിനാഘോഷവും വനിതാ സംഗമവും ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.
വനിതാ ഫോറം സംസ്‌ഥാന അധ്യക്ഷ ജൂലി അനില്‍ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ കേരള റീജിയണ്‍ ചെയര്‍മാന്‍ പ്ര?ഫ. അലക്‌സ് തോമസ് മുഖ്യാതിഥിയായിരുന്നു. ദേശീയ വൈ.ഡബ്ല്യു.സി.എ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന സ്‌ത്രീ ശക്‌തി അവാര്‍ഡ് ജേതാവ് അഡ്വ. സീന സാറാ മജ്‌നുവിനെ ചടങ്ങില്‍ ആദരിച്ചു.വനിതാ ഫോറം ജനറല്‍ കണ്‍വീനര്‍ സുജ ജോണ്‍, റീജണല്‍ യൂത്ത്, വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് കണ്‍സേണ്‍ കമ്മിറ്റി ചെയര്‍മാന്‍ ലിനോജ് ചാക്കോ, സംസ്‌ഥാന സെക്രട്ടറി ഡോ. റെജി വര്‍ഗീസ്, സബ് റീജന്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്, വനിതാ ഫോറം കണ്‍വീനര്‍ ശാന്തി വില്‍സണ്‍, ജോ ഇലത്തിമൂട്ടില്‍, കവിയൂര്‍ വൈ.എം.സി.എ പ്രസിഡന്റ് ജേക്കബ് മാത്യു, സെക്രട്ടറി കെ.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അപ്പുക്കുട്ടന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുക്ഷമ പി. ഡേവിഡ്‌സണ്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ സിന്ധു അനില്‍, റെയ്‌മോള്‍ ജോണ്‍സണ്‍, ഗ്രേസി മാത്യു, ഡോ. ഷേര്‍ലി ഫിലിപ്പ്, സെ്‌റ്റല്ലാ വര്‍ഗീസ്, സലാമ്മ ജോണ്‍, സിനി മോള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.