-->
തിരുവല്ല: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളായി മാറരുതെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. മാര്‍ത്തോമ്മാ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫ്രണ്‍സില്‍ സമാപന സന്ദേശം നല്‍കു കയായിരുന്നു അദ്ദേഹം. രാഷ്‌ട്ര നിര്‍മ്മിതിയാവണം വിദ്യാഭ്യാസ ലക്ഷ്യം.
സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുന്ന, വിവേചന രഹിത സമൂഹത്തിന്റെ സൃഷ്‌ടിക്ക് ഊന്നല്‍ നില്‍കണം. ആഗോള തലത്തിലും ഇന്ത്യയിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കൊപ്പം അവസര സമത്വം സാധ്യമാകുന്നില്ല. പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ അസമത്വം നിലനില്‍ക്കുന്നു.
ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയുള്ളവരില്‍ 28.4 ശതമാനത്തിന് മാത്രമേ വിദ്യാഭ്യാസ അവസരം ലഭിക്കുന്നുള്ളു. കേരളത്തില്‍ പ്രവേശന അനുപാതം 46 ശതമാനമാണ്. പ്രവേശനത്തില്‍ മാത്രമല്ല, ഫണ്ടിങ്ങിലും വിഭവ വിതരണത്തിലും അസന്തുലിതാവസ്‌ഥ നിലനില്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലി ജന്‍സ് സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
അതേസമയം, മനുഷ്യന്റെ വികാര വിചാരങ്ങള്‍ക്ക് പകരം വെച്ചു കൊണ്ടാകരുത് നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗമെന്നും അത് മനുഷ്യത്വം നഷ്‌ടപ്പെടാന്‍ ഇടയാകരുതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി.മാമ്മന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ചെന്നൈ സായി സര്‍വ്വകലാശാല വൈസ്സ് ചാന്‍സലര്‍ ഡോ. അജിത് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.ഡോ. കുഞ്ചറിയ പി.ഐസക്, ഡോ. എലിസബേത്ത് ഷേര്‍ളി, ഡോ. തോമസ് ജോസഫ്, ഡോ. ഷാജിമോന്‍ കെ. ജോണ്‍, എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.എബ്രഹാം, ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഡോ. ഐസി കെ.ജോണ്‍, ഡോ. രാജന്‍ വര്‍ഗീസ്, ഡോ. ജോണ്‍ ജോര്‍ജ് അത്യാല്‍ എന്നിവര്‍ പ്രസംഗിച്ചു.