-->
കോട്ടയം: വിലക്കയറ്റത്തിനു പിന്നാലെ, ജലക്ഷാമം നിര്‍മാണ മേഖലയില്‍ ഉയരുന്നതു പ്രതിസന്ധി. കുടിശിക മൂലം സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണങ്ങള്‍ കുറഞ്ഞതിനു പിന്നാലെ ഇതര മേഖലകളും മരവിക്കുന്നതു സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്ന് ആശങ്ക. സിമന്റ് ഒഴികെ കെട്ടിട നിര്‍മാണത്തിന് ആവശ്യമുള്ള സാമഗ്രികളുടെയെല്ലാം വില ഉയരുകയാണ്.
കെട്ടിട നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള എം സാന്‍ഡ്, പി. സാന്‍ഡ് എന്നിവയ്‌ക്കു ദിവസേന വില ഉയരുകയാണെന്നു കരാറുകാര്‍ പറയുന്നു. ഒരടിക്ക് 55 മുതല്‍ 58 വരെയാണ് വില.മെറ്റല്‍ ഒരടിക്ക് 52 രൂപയാണ്. പ്ലമ്പിങ്ങ് സാമഗ്രികള്‍ക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ വില വര്‍ധിച്ചതോടെ കരാറെടുത്തവര്‍ പറഞ്ഞ തുകയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ചെറുകിട കരാറുകാരെയാണ് ഏറെയും ബാധിക്കുന്നത്.
ജില്ലയില്‍ വിദേശ കുടിയേറ്റം വര്‍ധിച്ചതോടെ, പുതുതായി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം കുറഞ്ഞ, പുതിയ നിര്‍മിക്കുന്നവരാകട്ടെ ഇരുനില കെട്ടിടങ്ങള്‍ക്കു പകരം ഒരു നിലയിലേക്കു മാറുന്നതും നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ആവശ്യത്തിനു പാറ ലഭിക്കാത്തതും ലഭിക്കുന്നതിന് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതും തിരിച്ചടിയാണ്. ബില്‍ഡിങ് പെര്‍മിറ്റിന്റെ ഫീസ് നിലവിലുള്ളതിനേക്കാള്‍ പത്ത് ശതമാനമാക്കി വര്‍ധിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.മുന്‍ ബില്ലുകള്‍ പാസാക്കാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പല കരാറുകാരും പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല. ലൈഫ് പദ്ധതി പ്രകാരം വീട് വയ്‌ക്കുന്ന ബി.പി.എല്‍ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു.
പദ്ധതി വഴി നല്‍കുന്നതു നാലു ലക്ഷമാണ്. നിര്‍മ്മാണച്ചെലവാകട്ടെ ഇതിന്റെ ഇരട്ടിയോളവും. തൊഴില്‍ കൂലിയിലെ വര്‍ധനയും തിരിച്ചടിയാകുന്നതു സാധാരണക്കാര്‍ക്കാണ്. ജല ക്ഷാമം മൂലം മിക്കയിടങ്ങളിലും വലിയ ജോലികള്‍ മുതല്‍ ചെറിയ ജോലികള്‍ നിര്‍ത്തിവയ്‌ക്കുന്നതും പ്രതിന്ധി വര്‍ധിപ്പിക്കുന്നു. ടാങ്കറില്‍ വെള്ളമെത്തിച്ചു പണികള്‍ നടത്തുന്നത് ചെലവേറുമെന്നതിനാല്‍ പലരും മഴ പെയ്‌ത ശേഷം പണി ആരംഭിക്കാമെന്ന നിലപാടിലാണ്. അപ്പോഴേയ്‌ക്കും നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനയുണ്ടായാല്‍ തിരിച്ചടിയാകുമെന്നു കരാറുകാര്‍ ഭയക്കുന്നു.