Wednesday, March 11, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.56 AM

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ 10 ലക്ഷം വീതം നല്‍കും മറ്റു ദുരിതബാധിതര്‍ക്കും ആശ്വാസം ധനസഹായം വ്യവസ്‌ഥകളോടെ

uploads/news/2026/03/829176/1.jpg

അടിമാലി: ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച, അടിമാലിയിലെ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക്‌ ഒടുവില്‍ നിബന്ധനകളോടെ സര്‍ക്കാര്‍ സഹായം. ലക്ഷംവീട്‌ നഗറില്‍ മലയിടിഞ്ഞ്‌ നാശനഷ്‌ടം സംഭവിച്ച ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായം അനുവദിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉപാധികളാേടെയാവും സഹായം വിതരണം ചെയ്യുക. പൂര്‍ണ്ണമായി വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ 10 ലക്ഷം രൂപയാണ്‌ ധന സഹായമായി അനുവദിച്ചിരിക്കുന്നത്‌. വീടുകള്‍ പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പ്രത്യേക വ്യവസ്‌ഥകള്‍ പ്രകാരമാണ്‌ സാമ്പത്തിക സഹായം നല്‍കുക. ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്‌ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പതിനായിരം രൂപ വീതം ഒറ്റത്തവണ ധനസഹായം അനുവദിക്കും.
മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക്‌ വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചാണ്‌ ഗവര്‍ണറുടെ ഉത്തരംപ്രകാരം തീരുമാനമായിട്ടുള്ളത്‌. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ വെള്ളിയാഴ്‌ചയാണ്‌ പുറത്തിറക്കിയത്‌. വ്യവസ്‌ഥകള്‍ പ്രകാരം തുക അനുവദിക്കുന്നതിനായി ദുരന്തബാധിതരെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ സര്‍ക്കാരില്‍ നല്‍കുന്ന മുറയ്‌ക്കാവും ധനസഹായ വിതരണം ഉണ്ടാവുക. 2025 ഒകേ്‌ടാബര്‍ 25നാണ്‌ അടിമാലി ലക്ഷംവീട്‌ നഗറിലേക്ക്‌ റോഡിനു മുകളിലെ വലിയ മലയിടിഞ്ഞുവീണത്‌. ദുരന്തത്തില്‍ 7 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ അകപ്പെട്ടുപോയ നെടുമ്പിള്ളിക്കുടിയില്‍ ബിജു മരിച്ചു.
ബിജുവിന്റെ ഭാര്യ സന്ധ്യയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. 23 വീടുകള്‍ താമസ യോഗ്യമല്ലാതായി. ദുരന്ത മുന്നറിയിപ്പ്‌ മുന്നില്‍ക്കണ്ട്‌ ആദ്യഘട്ടത്തില്‍ ഇവരെ സര്‍ക്കാര്‍ ഹൈസ്‌കൂളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിരുന്നു.
ഇത്‌ മൂലമാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാനായത്‌. അപകടം സംഭവിച്ച ശേഷവും ദുരിതബാധിതരെ അടിമാലി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിപ്പിച്ചു. പിന്നീട്‌ എട്ടു കുടുംബങ്ങളെ കല്ലാര്‍കുട്ടി വൈദ്യുതി ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാറ്റി. സ്‌കൂളില്‍ താമസിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ വാടക നല്‍കാമെന്ന്‌ വ്യവസ്‌ഥയില്‍ അവിടെ നിന്നും വാടക മുറിവീടുകളിലേക്ക്‌ മാറ്റി. എന്നാല്‍ ദുരന്തം നടന്ന്‌ നാലുമാസം പിന്നിട്ടും സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. ഇതോടെ ദുരിതബാധിതര്‍ ദേശീയപാത നിര്‍മാണ കമ്പനിയുടെ യാര്‍ഡ്‌ കഴിഞ്ഞയാഴ്‌ച ഉപയോഗിച്ചു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുക യും കഴിഞ്ഞയാഴ്‌ച മന്ത്രിസഭാ യോഗത്തില്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തത്‌.
ദേശീയപാതയ്‌ക്ക് സമാന്തരമായി ലക്ഷംവീട്‌ നഗറില്‍ ആണ്‌ ദുരന്തബാധിതര്‍ താമസിച്ചിരുന്നത്‌. ലക്ഷംവീട്‌ സങ്കേതത്തില്‍ ഉള്‍പ്പെടാത്ത വീടുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചിരുന്നു. ദേശീയപാതയോരത്ത്‌ ഷിജുവിന്റെ ഇരുനില വീട്‌ അടക്കം ദുരന്തത്തില്‍ തകര്‍ന്നു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ്‌ അപകടം സംഭവിച്ചതെന്നും ഇത്‌ മനുഷ്യനിര്‍മ്മിത ദുരന്തം ആണെന്നും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞ സന്ധ്യയ്‌ക്ക് ചികിത്സാര്‍ത്ഥം 3 ലക്ഷം രൂപയും, ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷണവും, കല്ലാര്‍കുട്ടിയിലെ വൈദ്യുതി വകുപ്പിന്റെ കോര്‍ട്ടേഴ്‌സുകളുടെ പണികള്‍ക്കായുള്ള പണവും, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുസാധനങ്ങള്‍ എല്ലാം റവന്യൂ വകുപ്പ്‌ ഇടപെട്ട്‌ കരാറുകാരില്‍ നിന്നും ഇടാക്കിയിരുന്നു. കരാര്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍നിന്നും പുനരധിവാസം നടപ്പിലാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌. എന്നാല്‍ ഇതിന്‌ കാലതാമസം ഉണ്ടാകും എന്ന്‌ തിരിച്ചറിവില്‍ ദുരിതബാധിതര്‍ തുടര്‍ സമരങ്ങളുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ വ്യാപകമായ സമരമാര്‍ഗങ്ങള്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ്‌ ഇപ്പോഴത്തെ സഹായ പ്രഖ്യാപനത്തിന്‌ പിന്നിലെന്നും സൂചനയുണ്ട്‌.

വ്യവസ്‌ഥകള്‍ ഇപ്രകാരം

ഗ്രാമപഞ്ചായത്തിന്‌ നിലവിലെ ഭൂമി വിട്ടുനല്‍കണം.
ഈ വീടുകള്‍ക്ക്‌ എന്തെങ്കിലും ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുകയാണെങ്കില്‍ പ്രസ്‌തുത തുക ഇന്‍ഷുറന്‍സില്‍നിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തിരികെ ഈടാക്കും.
ലഭിക്കുന്ന ഇന്‍ഷുറന്‍സ്‌ തുക 10 ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ അധികം വരുന്ന തുക കുടുംബങ്ങള്‍ക്കും അല്ലാത്തപക്ഷം ലഭിക്കുന്ന തുക മാത്രം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തിരികെ ഈടാക്കും.
ഇന്‍ഷുറന്‍സ്‌ തുക ലഭിക്കാത്ത സാഹചര്യത്തില്‍ ദേശീയപാതാ വിഭാഗം, കരാറുകാര്‍ എന്നിവരില്‍ നിന്നും തുക ഈടാക്കും.

Ads by Google
Advertisement
Monday 09 Mar 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW