-->
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ മിങ്കുന്നം ഇലവുംചുവട് - പ്ലാക്കിത്തടം റോഡില്‍ കടന്നല്‍ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്‌ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്ലാക്കിത്തടത്തില്‍ കുഞ്ഞ് (82) ആണ് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ആദ്യം ഇരയായത്. കുത്തേറ്റതിനെത്തുടര്‍ന്ന് റോഡില്‍ ബോധരഹിതനായി വീണ ഇദ്ദേഹത്തെ അയല്‍വാസിയാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ പുതപ്പിട്ട് മൂടി സുരക്ഷിതനാക്കിയ ശേഷം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുഞ്ഞിനെ സഹായിക്കാനെത്തിയ പ്രദേശവാസികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കും ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥനും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റവര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.മേഖലയില്‍ നിന്നും കടന്നല്‍ക്കൂട് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ കെ.സി. ബിജുമോന്‍, ശംസുദ്ദീന്‍, അയ്യൂബ്, നിബിന്‍ ബാലകൃഷ്‌ണന്‍, അക്ഷയ്, വി.കെ. മനു എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.