-->
കോതമംഗലം: കെ.എസ്.ആര്‍.ടി.സി.കോതമംഗലം ഡിപ്പോയില്‍ ബസ്സുകള്‍ അഞ്ച് മിനിറ്റിനുള്ളില്‍ കഴുകാന്‍ കഴിയുന്ന യാത്ര 360 ഡിഗ്രി ബസ് വാഷിംങ് സിസ്‌റ്റം ഉദ്‌ഘാടനം ചെയ്‌തു.
നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളജിലെ എട്ടാം സെമസ്‌റ്റര്‍ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി കള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്റെ ഉദ്‌ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ.നിര്‍വഹിച്ചു.കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ബസ് ശുചീകരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ബസുകള്‍ വൃത്തിയാക്കുന്നതിനുമായിട്ടാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.ബസിന്റെ വശങ്ങള്‍, മുന്‍ഭാഗം, പിന്‍ഭാഗം എന്നിവ ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളിലും അനായാസം എത്തിച്ചേരുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതിനാല്‍ ചെളിയും പൊടിയും പൂര്‍ണമായും നീക്കം ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയും. സാധാരണ രീതിയില്‍ ബസ് കഴുകുന്നതിനെക്കാള്‍ വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ മെഷീനിന് ആവശ്യമായുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജീവനക്കാരുടെ കഠിനാധ്വാനം കുറയ്‌ക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ബസുകള്‍ വൃത്തിയാക്കാനും ഈ സംവിധാനം സഹായകരമാകുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.
മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. നിധീഷ് എല്‍ദോ ബേബി, പ്ര?ജക്‌ട് കോ ഓഡിനേറ്റര്‍മാരായ പ്രഫ.എല്‍സണ്‍ പോള്‍, പ്രഫ.ജോബില്‍ വര്‍ഗീസ്, എല്‍ദോസ് കെ.എ.,ബിനീഷ്, മഹേഷ് എ.എസ്. എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികളായ അഭിരാം കെ.അനില്‍, അലന്‍ മാത്യു സാമുവല്‍,ആല്‍ബിന്‍ ജോര്‍ജ്,ആല്‍ബി എല്‍ദോസ്, കെ.എസ്. അരവിന്ദ്, രാകുല്‍ രാജ് പി., ആശേന്ദു എം. എ.,ബെറ്റ്‌സണ്‍ ബാബു,ജസ്‌റ്റിന്‍ ജോണ്‍,റിച്ചു ബാബു എന്നിവരാണ് പദ്ധതി വികസിപ്പിച്ചത്.കോതമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ കോളജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ഡയറക്‌ടര്‍ ഡോ.ഷാജന്‍ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഡോ.തോമസ് ജോര്‍ജ്,കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.