-->
ചേര്‍ത്തല: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി നല്‍കിയ വീടുകളുടെ പകുതിപോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള വേലന്‍ മഹാസഭ യുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്‌ദി ആഘോഷ വിളംബര സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക ജാതിക്കാര്‍ക്ക് മാത്രമായി ഭവന പദ്ധതി നടപ്പാക്കണം. അഞ്ചു വര്‍ഷം കൊണ്ട് കേരള സര്‍ക്കാര്‍ പട്ടിക ജാതിക്കാര്‍ക്ക് അനുവദിച്ച 112 കോടി രൂപ ഉപയോഗപ്പെടുത്തിയിട്ടില്ല. പി.എസ്.സി നിയമനങ്ങള്‍ മുടങ്ങി. എല്ലാ വകുപ്പുകളിലും നിയമനങ്ങള്‍ നോക്കുകുത്തിയായി.
ഇപ്പോള്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ്. സി.പി.എം ഇഷ്‌ടക്കാരെ പിന്‍വാതിലൂടെ നിയമിക്കുകയാണ്. നിലവിലെ ഒഴിവുകള്‍ പോലും റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നില്ല. മൂന്നുവര്‍ഷം കൂടുമ്പോള്‍ നിയമനങ്ങളെ ക്കുറിച്ച് പരിശോധന നടത്തണമെന്നാണ് വ്യവസ്‌ഥയെങ്കിലും പാലിക്കപ്പെടുന്നില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എസ്. സി, എസ്. ടി വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും.
പിന്നോക്ക സമുദായക്കാര്‍ക്കായി നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വാദിച്ചത് യു.ഡി.എഫാണ് ബജറ്റിന് പുറത്തുള്ള തട്ടിപ്പാണ് കിഫ്‌ബിയെന്നും അദ്ദേഹം പറഞ്ഞു. വി.ടി.എ.എം. ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്‌ഥാന പ്രസിഡന്റ്‌് കെ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോഷി പരമേശ്വരന്‍, സംസ്‌ഥാന കമ്മിറ്റി അംഗം എസ്. നാരായണന്‍, എം.എസ്. ബാഹുലേ യന്‍, രാജീവ് നെല്ലിക്കുന്നേല്‍, എസ് ശരത്ത്, സി. കെ.ഷാജി മോഹന്‍, പി.കെ. ബിനോയ്, എ. എം ആരീഫ്, സുരേഷ് മയിലാട്ടു പാറ, പി.എസ്. അജിത് കുമാര്‍, കെ. ശിവദാസന്‍, കെ. ഇ. മണിയന്‍, ശാലിനി വിനോദ്, ടി. ടി സുനീഷ്, വി.എച്ച്. പ്രമോദ് എന്നിവര്‍ പ്രസംഗി ച്ചു. ദേശീയപാതയില്‍ പോലീസ് സേ്‌റ്റഷന് സമീപത്തു നിന്നും തുടങ്ങിയ വിളംബര റാലി കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരാന്ദ് ലാജ ഫ്‌ലാഗ് ഓഫ് ചെയ്‌തു.