-->
മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ മലപ്പുറം-ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റ് ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും.
മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാവിലെ 11ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ് ഊട്ടിയിലെത്തും. വൈകീട്ട് 4.40ന് അവിടെ നിന്നും തിരിച്ച് രാത്രി 10ന് മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക്. ഇതേ ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. പുതിയ പ്രീമിയം ബസ് വന്നതോടെ വിനോദസഞ്ചാരികള്‍ക്കും നിത്യയാത്രക്കാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയും. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അനസ് മുണ്ടകവളപ്പില്‍, അസി. ഡിപ്പോ എഞ്ചിനീയര്‍ ജേക്കബ് ജോര്‍ജ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഇ.ടി. പ്രവീണ്‍ കുമാര്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്‌ടര്‍ സജിത് കുമാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ സന്തോഷ്, ഷിഹാബ്, ശെല്‍വരാജ് പങ്കെടുത്തു.