-->
കോട്ടയം: പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതോടെ വീട്ടമ്മമാര്‍ ആശങ്കയില്‍. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്.
പാചകവാത സിലണ്ടറുകളുടെ വില കൂടിയതും ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്തതു ഗ്രാമങ്ങളില്‍ വിറക് അടുപ്പിലേക്കു വീട്ടമ്മമാര്‍ തിരിഞ്ഞിട്ടുണ്ട്. കൂടുതല്‍ വേവ് ആവശ്യമുള്ളതു വിറക് അടുപ്പിലാണു പചകം ചെയ്യുന്നത്. എന്നാല്‍, നഗരങ്ങളില്‍ ഇത്തരം ആളുകള്‍ കുറവാണ്. പാചക വാതകത്തിനു ക്ഷാമം ഉണ്ടാകുമോ എന്ന ഭയത്താല്‍ ബുക്കിങ് കൂടിയിരുന്നു എന്നും ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. അധിക സിലണ്ടര്‍ ഉള്ളവര്‍ ഇതു നിറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു.
ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്‌താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ടു സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന നിര്‍ദേശമാണു ലഭിച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്‌ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണു പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്.