Tuesday, March 10, 2026 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.39 AM

മള്‍ട്ടി പര്‍പ്പസ്‌ ബസ്‌ ബേ കോംപ്ലക്‌സ് നിര്‍മിക്കും

കോട്ടയം: തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡില്‍ മള്‍ട്ടി പര്‍പ്പസ്‌ ബസ്‌ ബേ കോംപ്ലക്‌സ് നിര്‍മിക്കും. ഇതിനായി പി.പി.പി / ബി.ഒ.ടി വ്യവസ്‌ഥയില്‍ ഫണ്ട്‌ കണ്ടെത്തുമെന്നും കോട്ടയം നഗരസഭാ ബജറ്റില്‍ പ്രഖ്യാപനം. 2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗ്രേറ്റര്‍ കോട്ടയം വികസന കാഴ്‌ചപ്പാട്‌ ബജറ്റ്‌ മുന്നോട്ട്‌ വെക്കുന്നത്‌.
സമീപ പഞ്ചായത്തുകള്‍, ഗതാഗത ഇടനാഴികള്‍, ജലാശയങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സാമ്പത്തിക മേഖലകള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന സംയോജിത പ്രാദേശിക വികസന രീതിയാണു ബജറ്റ്‌ ലക്ഷ്യമിടുന്നത്‌. ഇല്ലിക്കല്‍ മുതല്‍ താഴത്തങ്ങാടി ഉപ്പൂട്ടിക്കവല വരെ പൈതൃക ഇടനാഴി ആയി വികസിപ്പിക്കും. താഴത്തങ്ങാടി വലിയ പള്ളി, ചെറിയ പള്ളി, ഇടക്കാട്ട്‌ പള്ളി, തളിയില്‍ ക്ഷേത്രം, തിരുമല ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌, പാറപ്പാടം ദേവീക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചാണു പൈതൃക ഇടനാഴി വിഭാവനം ചെയ്യുന്നത്‌.
ഇതിനായി കേന്ദ്ര-കേരള സര്‍ക്കാരുകളുടെസഹകരണം തേടാനും പദ്ധതിയില്‍ പറയുന്നുണ്ട്‌. 242,36,62,432 രൂപ വരവും 232,67,35,200 രൂപ ചെലവും 9,69,27,232 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സന്‍ ഷീബ പുന്നന്‍ അവതരിപ്പിച്ചത്‌. ബജറ്റ്‌ ചര്‍ച്ച തിങ്കളാഴ്‌ച നടക്കും.
ആദ്യ ബജറ്റ്‌ അഴിമതി
ലക്ഷ്യമിട്ടുള്ളതെന്ന്‌

കോട്ടയം: നഗരസഭയിലെ കോണ്‍ഗ്രസ്‌ ഭരണസമിതിയുടെ ആദ്യ ബജറ്റ്‌ അഴിമതി ലക്ഷ്യമിട്ടുള്ളതെന്ന ആരോപണവുമായി മുന്‍ വൈസ്‌ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ബി. ഗോപകുമാര്‍.
പ്രാദേശികമായ ജനകീയ ആവശ്യങ്ങള്‍ അവഗണിച്ചു ശതകോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ബജറ്റ്‌ അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്നു ബി. ഗോപകുമാര്‍ പറയുന്നു.
കോടിമതയില്‍ നഗരസഭ മുഖ്യകാര്യാലയം നിര്‍മിക്കുമെന്ന പ്രഖ്യാപനം ദീര്‍ഘ വീക്ഷണമില്ലായ്‌മയുടെയും അശാസ്‌ത്രീയതയുടെയും തെളിവാണ്‌.
2012ല്‍ ഇപ്പോഴത്തെ നഗരസഭാധ്യക്ഷന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ വിഭാവനം ചെയ്‌തതും 2015, 2020 കാലഘട്ടങ്ങളിലെ രണ്ടു ഭരണസമിതികളും തള്ളിക്കളഞ്ഞ പദ്ധതി വെള്ളപൂശി 2012ല്‍ നിയമിച്ച ആര്‍ക്കിടെക്‌ടിനെ സഹായിക്കാനാണു ശ്രമം. ഈ ആര്‍ക്കിടെക്‌ടിനു നല്‍കിയ പ്രതിഫലവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌.
തിരുനക്കരയില്‍ ബസ്‌ ബേ സൗകര്യം അടക്കം ആധുനിക നിലവാരത്തില്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ താല്‍പര്യപത്രം നല്‍കിയ പ്രമുഖ ആര്‍ക്കിടെക്‌ടുകളെ പദ്ധതിവിശദീകരണത്തിനു ക്ഷണിച്ചുവരുത്തിയപ്പോള്‍ ആ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയത്‌ ഇഷ്‌ടക്കാരനായ ആര്‍ക്കിടെക്‌ടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
വടവാതൂരില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ച്‌ ധൂര്‍ത്തടിക്കാതെ തിരുനക്കരയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‌ ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും ഗോപകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 08 Mar 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW