Wednesday, March 11, 2026 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.39 AM

നാടിന്‌ സമര്‍പ്പിച്ച്‌ എ.സി. റോഡും പെരുമ്പളം, പടഹാരം പാലങ്ങളും

ആലപ്പുഴ: പുനഃനിര്‍മിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡും കേരളത്തിലെ ഏറ്റവും വലിയ കായല്‍ പാലമായ പെരുമ്പളം പാലവും നിര്‍മ്മാണ വൈദഗ്‌ധ്യംകൊണ്ട്‌ ശ്രദ്ധേയമായ പടഹാരം പാലവും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ കുട്ടനാട്ടില്‍ മങ്കൊമ്പിലും അരൂര്‍ മണ്ഡലത്തില്‍ പെരുമ്പളത്തുമായി നടന്ന ഉദ്‌ഘാടന പരിപാടികള്‍ ഉത്സവപ്രതീതിയിലാണ്‌ നടന്നത്‌.

പെരുമ്പളം: പതിറ്റാണ്ടുകളായുള്ള സ്വപ്‌നം പൂവണിഞ്ഞ ദിനം പെരുമ്പളം ദ്വീപ്‌ നിവാസികള്‍ക്ക്‌ മഹോത്സവം പോലെയായിരുന്നു. വേമ്പനാട്ട്‌ കായലിന്‌ കുറുകെ മഴവില്ലഴകില്‍ നിര്‍മ്മിച്ച പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചപ്പോള്‍ ദ്വീപ്‌ ജനതയുടെ ആഹ്ലാദം വാനോളമുയര്‍ന്നു. വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി അവര്‍ തങ്ങളുടെ സ്വപ്‌നസാഫല്യത്തെ നെഞ്ചിലേറ്റി. അത്‌ പെരുമ്പളം ദ്വീപിന്റെ ചരിത്രത്തിലെ തന്നെ വികാരനിര്‍ഭരമായ അധ്യായമായി മാറുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്‌ചയായി ദീപില്‍ വിവിധ കലാപരിപാടികള്‍ നടന്നു വരുകയായിരുന്നു. ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവന്ന വിപുലമായ പരിപാടികളുടെ സമാപനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന്‌ സമര്‍പ്പിക്കാനെത്തിയപ്പോള്‍ ദ്വീപ്‌ നിവാസികള്‍ ആവേശത്തോടെയാണ്‌ വരവേറ്റത്‌. പുത്തന്‍ വസ്‌ത്രങ്ങളണിഞ്ഞെത്തിയ കൊച്ചുകുട്ടികള്‍ മുതല്‍ യുവാക്കളും വയോജനങ്ങളും വരെ ഒരേ ആവേശത്തോടെ പാലത്തിന്‌ മുകളില്‍ തടിച്ചുകൂടി. പാലം ഔദ്യോഗികമായി ഗതാഗതത്തിന്‌ തുറന്നുകൊടുത്തപ്പോള്‍ ഓരോ ദ്വീപുവാസിയുടെയും കണ്ണുകളില്‍ ആഹ്ലാദത്തിന്റെ നനവുണ്ടായിരുന്നു.വികാരഭരിതമായ ഒട്ടേറെ നിമിഷങ്ങള്‍ക്കാണ്‌ ഉദ്‌ഘാടന ദിനം സാക്ഷ്യം വഹിച്ചത്‌. പാലത്തിലൂടെ ആദ്യമായി നടന്ന്‌ അക്കരെയെത്തിയവരുടെ മുഖത്ത്‌ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ഇനി ഞങ്ങള്‍ക്ക്‌ സമയത്തിന്‌ ആശുപത്രിയിലെത്താം, കുട്ടികള്‍ക്ക്‌ പ്രയാസമില്ലാതെ സ്‌കൂളില്‍ പോകാം. ഈ പാലം ഞങ്ങളുടെ ജീവിതമാണ്‌, എന്ന്‌ ഉദ്‌ഘാടനം നേരില്‍ കാണാന്‍ എത്തിയ തൊണ്ണൂറ്‌ വയസുള്ള നാരായണി മുത്തശി പറഞ്ഞ വാക്കുകള്‍ ദ്വീപിന്റെ മുഴുവന്‍ മനസു പ്രതിഫലിപ്പിക്കുന്നതായി.
വര്‍ഷങ്ങളായി ബോട്ട്‌ യാത്രയെ മാത്രം ആശ്രയിച്ചിരുന്ന ദ്വിപ്‌നിവാസികള്‍ക്ക്‌ പാലം വലിയൊരു ആശ്വാസമാണ്‌. യാത്രകള്‍ക്കായി മണിക്കൂറുകളോളം കായല്‍ക്കരയില്‍ കാത്തു നിന്ന കാലത്തിന്‌ കൂടിയാണ്‌ തിരശീല വീണത്‌.ഉദ്‌ഘാടന ദിനത്തില്‍ ദ്വീപിലെ കുട്ടികള്‍ക്ക്‌ പാലം കളിസ്‌ഥലം കൂടിയായി മാറി. സൈക്കിളോടിച്ചും സ്‌കേറ്റിങ്‌ ചെയ്‌തും പാലത്തിലൂടെ ആവേശത്തോടെ സഞ്ചരിക്കുന്ന കുട്ടികളുടെ കാഴ്‌ച ആരുടെയും മനം നിറയക്കുന്നതായി. യുവാക്കള്‍ ഒത്തൊരുമിച്ച്‌ പാലം കാണാനെത്തുന്നവര്‍ക്ക്‌ ലഘുഭക്ഷണവും മധുരപലഹാരവും വിതരണം ചെയ്‌തു ചരിത്ര നിമിഷത്തെ വരവേറ്റു. പാലം കാണാന്‍ വള്ളങ്ങളില്‍ നിരവധി പേര്‍ എത്തിയിരുന്നു. പെരുമ്പളം പഞ്ചായത്ത്‌ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബ്രിഡ്‌ജ് മാരത്തണ്‍, പഞ്ചാരിമേളം, രാജേഷ്‌ ചേര്‍ത്തലയുടെ ഫ്‌ളൂട്ട്‌ ഫ്യൂഷന്‍, സിബിന്‍ മാജിക്‌ ബീറ്റ്‌സ് നയിച്ച ഫ്യൂഷന്‍ ഡിജെ എന്നിവയും ഉദ്‌ഘാടനത്തിനോടനുബന്ധിച്ച്‌ അരങ്ങേറി. രാത്രിയില്‍ വര്‍ണദീപങ്ങളാല്‍ തിളങ്ങുന്ന പാലം കാണാന്‍ അയല്‍ ജില്ലകളില്‍ നിന്നുപോലും നിരവധി പേര്‍ എത്തുന്നുണ്ട്‌.

Ads by Google
Advertisement
Sunday 08 Mar 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW