Wednesday, March 11, 2026 Last Updated 46 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.39 AM

ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍

കോട്ടയം: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിച്ചതോടെ ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്‌. 19 കിലോ സിലിണ്ടറിന്‌ 115 രൂപയാണു വര്‍ധിപ്പിച്ചത്‌. മാര്‍ച്ച്‌ ഒന്നിനു പൊതുമേഖലാ എണ്ണക്കമ്പനികള്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന്‌ 28 രൂപ മുതല്‍ 31 രൂപ വരെയാണു വര്‍ധിപ്പിച്ചിരുന്നു.
തുടര്‍ച്ചയായി ഉണ്ടാകുന്ന വിലക്കയറ്റം ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഉടമകളെ നിര്‍ബന്ധിതരാക്കിയേക്കും. ദിവസവും രണ്ടു മുതല്‍ അഞ്ചുവരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ വരെയുണ്ട്‌ നഗരത്തില്‍. വൈദ്യുത ബില്‍, വാട്ടര്‍ ബില്‍ എന്നിവക്കു പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവര്‍ക്ക്‌ വാടകയും കൂടി നല്‍കേണ്ടി വരുമ്പോഴേക്കും സ്‌ഥിതി അതീവ പരിതാപകരമാകുമെന്ന്‌ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്‌. ഹോട്ടല്‍ വ്യവസായം ലാഭകരമല്ല, സമീപകാലത്ത്‌ 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടി.
ചെറുകിട ഹോട്ടലുകളാണ്‌ ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം തൊഴിലാളികുടെ കൂലി, ഹോട്ടല്‍ വാടക, എന്നിവ ചെറുകിട ഹോട്ടലുകള്‍ക്കു താങ്ങാനാവുന്നില്ലന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഭക്ഷ്യ എണ്ണകള്‍ക്കും നല്ല വില നല്‍കണം. ഉഴുന്ന്‌, പയര്‍, പരിപ്പ്‌ , അരിവില കൂടി. പച്ചക്കറി വിലയിലും വന്‍തോതില്‍ വര്‍ധനവുണ്ടായി. കിലോയ്‌ക്ക് 60 രൂപയില്‍ മുകളിലാണു ഭൂരിഭാഗത്തിനും വില. തൊഴിലാളികള്‍ക്കും ഒരു ദിവസം ഏറ്റവും കുറഞ്ഞത്‌ 1000 രൂപ നല്‍കേണ്ടിവരും. കൂടുതലും അന്യസംസ്‌ഥാനത്ത്‌ നിന്നുള്ളവരാണു തൊഴിലാളികള്‍. 1000-1500 രൂപയാണു ദിവസക്കൂലി.
മലയാളിയെങ്കില്‍ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം. ഇതോടൊപ്പം വൈദ്യുതി ചാര്‍ജും മറ്റു പിരിവുകളും. എല്ലാം കൂടി കണക്കു കൂട്ടിയാല്‍ വരവിനേക്കള്‍ കൂടുതല്‍ ചെലവാണ്‌. ഭക്ഷണങ്ങള്‍ക്കു വില കൂട്ടി നഷ്‌ടം നികത്താനും സാധിക്കില്ല. ഇതോടെ പലരും ഹോട്ടല്‍ നടത്തുന്നത്‌ അവസാനിപ്പിച്ചു മറ്റു മേഖലയിലേക്കു ചേക്കേറുകയാണെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നഗരങ്ങളില്‍ വില കൂട്ടുന്നതുപോലെ ഗ്രാമങ്ങളില്‍ വിഭവങ്ങള്‍ക്കു വര്‍ധിപ്പിച്ചാല്‍ അത്‌ കച്ചവടത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. അവശ്യവസ്‌തുക്കള്‍ക്കെല്ലാം പൊള്ളുന്ന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഹോട്ടല്‍ വ്യവസായം ഏറെ വിഷമഘട്ടത്തിലാണെന്നാണു വ്യാപാരികളുടെ പരാതി.

Ads by Google
Advertisement
Sunday 08 Mar 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW