-->
തലശേരി: ഭൗമ സൂചിക പദവിയിലേക്ക് കയറുന്ന പൊന്ന്യം നേന്ത്രന്റെ ഉല്‍പാദന വിപണനത്തിനായി ഗ്രീന്‍ ഗോള്‍ഡ് ബനാന പദ്ധതിയുമായി കതിരൂര്‍ പഞ്ചായത്ത്. പഞ്ചായത്തില്‍ 47 ഹെക്‌ടര്‍ സ്‌ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്‌ത് വരുന്നുണ്ട്. കതിരൂര്‍ പഞ്ചായത്തിലെ പൊന്ന്യം, ചുണ്ടങ്ങാപൊയില്‍, കക്കറ, കുണ്ട്‌ച്ചിറ ഭാഗങ്ങളിലും, പന്ന്യന്നൂരിലും മൊകേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. പരമ്പരാഗത കൃഷിരീതിയാണ് സ്വീകരിച്ച് വരുന്നത്. ഒരു വാഴയില്‍ നിന്നുള്ള ഉല്‍പാദന ശേഷി പത്ത് കിലോ ആണ്. അത് 5 കിലോ കൂടി വര്‍ധിപ്പിക്കാന്‍ ശാസ്‌ത്രീയമായ കൃഷിരീതികളും വാഴക്കൃഷികാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. നേന്ത്രവാഴയില്‍ നിന്ന് ഒരു വര്‍ഷം പരമാവധി ഒന്നര കോടി രൂപയാണ് അധിക വരുമാനമായി പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. ഇതിനായാണ് കതിരൂര്‍ പഞ്ചായത്ത് ഗ്രീന്‍ ഗോള്‍ഡ് ബനാന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ നേന്ത്രവാഴ കൃഷിക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ച് അവര്‍ക്ക് മണ്ണ് പരിശോധന മുതല്‍ ശാസ്‌ത്രീയ കൃഷിരീതികള്‍ വരെ പരീശീലിപ്പിച്ച് ഉല്‍പ്പാദന ശേഷി 50 ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ വിപണനം നടത്താനും ഇതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി കതിരൂര്‍ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കാനും പഞ്ചായത്തിനും ആലോചനയുണ്ട്. വിദേശ വിപണി ലക്ഷ്യം വച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്ത് ബജറ്റില്‍ പദ്ധതി വിഹതത്തില്‍ നിന്നും മറ്റ് വിവിധ ഏജന്‍സികളില്‍ നിന്നുമായി ലഭിക്കുന്ന ഫണ്ടില്‍ നിന്ന് ഒരു കോടി 35 ലക്ഷമാണ് കാര്‍ഷിക മേഖലയ്‌ക് വകയിരുത്തിയിട്ടുള്ളത്. ഇത് വഴി കതിരൂരിന്റെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാനും കാര്‍ഷികമേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനും സാധിക്കും. ഒരു കാലത്ത് തലശേരിയുടെ കാര്‍ഷിക തലസ്‌ഥാനമായിരുന്നു പൊന്ന്യം. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിക്കളും നേന്ത്രപ്പഴങ്ങളുമൊക്കെയാണ് തലശേരി മാര്‍ക്കറ്റില്‍ ഏറെ വിറ്റിരുന്നത്. ഇന്നും വിപുലമായ രീതിയില്‍ ഈ പ്രദേശങ്ങളില്‍ നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്. രുചിയിലും ഔഷധ ഗുണത്തിലും ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന നേന്ത്രപഴങ്ങളില്‍ ഏറെ മുന്നിലാണ് പൊന്ന്യം നേന്ത്രന്‍ എന്ന് കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
പരമ്പരാഗത കര്‍ഷകര്‍ മാത്രമാണ് പൊന്ന്യന്‍ നേന്ത്രന്‍ കൃഷി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പൊന്ന്യന്‍ നേന്ത്രപഴത്തിന് ഭൗമ സൂചിക ലഭിക്കുക എന്ന ആശയത്തിലേക്ക് ഉത്തര മേഖല കാര്‍ഷിക ഗവേഷണന കേന്ദ്രമെത്തിയത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് മുന്‍ കൈ എടുത്ത് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണത്തോടെ ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഫ്രിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സില്‍ നിന്ന് പൊന്ന്യം നേന്ത്രന് ഭൗമ സൂചിക പദവി ലഭിക്കാനാവിശ്യമായ കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കയാണ്. ഗ്രീന്‍ ഗോള്‍ഡ് ബനാന പദ്ധതിയുമായി കതിരൂര്‍ പഞ്ചായത്ത് ഏറെ മുന്നോട്ട് പോയതായി കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പവിത്രന്‍ പറഞ്ഞു. ഒരു കാലത്ത് തലശേരി മാര്‍ക്കറ്റില്‍ പൊന്മ്യത്തെ പച്ചക്കറികളും, പൊന്ന്യം നേന്ത്ര കുലകളുമാണ് വില്‍പനയ്‌ക്ക് എത്തിയിരുന്നത് ആ ഒരു സംസ്‌ക്കാരം വീണ്ടെടുക്കാനുള്ള ശ്രമമാണ് കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ചെയ്‌ത് വരുന്നതെന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കര്‍ഷകനുമായ കെ.നൂറുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങളായി തന്റെ കുടംബം നേന്ത്രവാഴ കൃഷി ചെയ്‌ത് വരികയാണെന്ന് കര്‍ഷകനായ പി.കെ.രാജന്‍ പറഞ്ഞു.