-->
പീരുമേട്: വെള്ള ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് സുരക്ഷാ സേനകളെ വകഞ്ഞുമാറ്റി തങ്ങളുടെ അടുത്തേക്ക് വരുന്നത് ആരാണെന്ന അമ്പരപ്പിലായിരുന്നു അവര്‍...
നടന്നടുക്കുന്നത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആണെന്നറിഞ്ഞതോടെ തൊഴിലാളികള്‍ക്കിടയില്‍ അമ്പരപ്പും ആകാംക്ഷയും. ദേശീയ നേതാവിന്റെ പരിവേഷം ഒട്ടുമില്ലാതെ സാധാരണക്കാരനായിട്ടായിരുന്നു ഇന്നലെ പീരുമേട്ടിലെ ?െന്‍മേരി എസ്‌റ്റേറ്റില്‍ കൊളുന്തു നുള്ളുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് രാഹുല്‍ഗാന്ധി നടന്നു കയറിയത്.
വെള്ളിയാഴ്‌ച്ച കുട്ടിക്കാനം മരിയന്‍ കോളജില്‍ കുട്ടികളുമായി നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് രാഹുല്‍ ഗാന്ധി എത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട സംവാദ പരിപാടികള്‍ക്കുശേഷം പാമ്പനാര്‍ ?െന്‍മേരിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു രാഹുല്‍ താമസിച്ചത്. ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി ഒന്‍പതോടെയാണ് രാഹുല്‍ ഗാന്ധി എം.പി, ഡീന്‍ കുര്യാക്കോസ് എം.പി, സി.പി. മാത്യു തുടങ്ങിയവര്‍ റിസോര്‍ട്ടില്‍നിന്ന് ഇറങ്ങിയത്. റിസോര്‍ട്ടില്‍നിന്ന് ഉദ്ദേശം ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴാണ് തോട്ടത്തില്‍ കൊളുന്തു നുള്ളുന്ന സ്‌ത്രീകളെ കാണുന്നത്. വാഹനം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് തൊഴിലാളികളുടെ അടുത്തേക്ക് എത്തിയ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ ഞെട്ടലിലായിരുന്നു തൊഴിലാളികള്‍. എന്തു ചോദിക്കുമെന്നോ, എന്ത് പറയുമെന്നോ അറിയാതെ നിന്ന തൊഴിലാളികള്‍ അമ്പരപ്പ് മാറിയതോടെയാണ് രാഹുലുമായി സംസാരിച്ചു തുടങ്ങിയത്. ഇവര്‍ വിശേഷങ്ങള്‍ ചോദിക്കുകയും ഡീന്‍ കുര്യാക്കോസ് എം.പി. ഇത് തര്‍ജമ ചെയ്യുകയും ചെയ്‌തു. കൊളുന്ത് നുള്ളുന്നതിനെ കുറിച്ചും തേയില സംസ്‌കരണത്തെ കുറിച്ചും രാഹുല്‍ തൊഴിലാളികളോട് ചോദിച്ചറിഞ്ഞു. തേയിലത്തോട്ടം മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തങ്ങളുടെ പ്രയാസങ്ങളെ കുറിച്ചും തൊഴിലാളികള്‍ രാഹുലിനെ അറിയിച്ചു. കൊളുന്ത് എടുക്കുന്നതും തൊഴിലാളികള്‍ കാണിച്ചു കൊടുത്തു. അല്‍പസമയം തൊഴിലാളികള്‍ക്കൊപ്പം വിശേഷം പങ്കിട്ടശേഷം രാഹുല്‍ ഗാന്ധി കാറില്‍ കുട്ടിക്കാനത്തെത്തി ഹെലികോപ്‌റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.
ഡീന്‍ കുര്യാക്കോസ് എം.പി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, റോയി കെ. പൗലോസ്, സിറിയക് തോമസ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.