-->
തൊടുപുഴ: കാഞ്ഞാര്‍ - കൂവപ്പള്ളി - ചക്കിപ്പാലം - ഇലവീഴാപൂഞ്ചിറ - മേലുകാവ് - കാഞ്ഞിരംകവല റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ 77.68 ലക്ഷം രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റിന് ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പ്രവൃത്തിയുടെ ബാക്കിയുള്ള ജോലികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ നിശ്‌ചയിച്ചു കഴിഞ്ഞു. അടുത്ത ആഴ്‌ചയോടെ കരാര്‍ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കം മുതല്‍ നേരിട്ട നിയമപരമായ തടസങ്ങളാണ് നിര്‍മാണം വൈകാന്‍ കാരണമായത്. 10 കോടി രൂപയുടെ ഭരണാനുമതിയോടെ ആരംഭിച്ച പദ്ധതിയില്‍, സുപ്രീം കോടതിയിലെ റിട്ട് ഹര്‍ജിയെത്തുടര്‍ന്ന് സ്‌റ്റേ നിലനിന്നിരുന്നു. തുടര്‍ന്ന് 2011-ലും 2013-ലും കോടതി ഉത്തരവുകളിലൂടെ നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചെങ്കിലും നിരക്ക് പുതുക്കി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ വീണ്ടും കാലതാമസമുണ്ടാക്കി. നേരത്തെ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി കാലാവധി നീട്ടി വാങ്ങാനോ പ്രവൃത്തി പുനരാരംഭിക്കാനോ തയാറാകാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കി. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള ജോലികള്‍ക്കായി പുതിയ ഷെഡ്യൂള്‍ തയാറാക്കി പുതുക്കിയ എസ്‌റ്റിമേറ്റിന് അംഗീകാരം വാങ്ങിയത്. ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നു ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന 550 മീറ്റര്‍ ഭാഗത്തെ നിര്‍മാണമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഇലവീഴാപൂഞ്ചിറ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകുകയും പ്രദേശത്തെ ടൂറിസം, കാര്‍ഷിക മേഖലകളില്‍ വലിയ മാറ്റം വരികയും ചെയ്യും. ടെണ്ടര്‍ നല്‍കിയതോടെ കരാര്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. യാത്രാക്ലേശം പരിഹരിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് യുദ്ധകാലാടിസ്‌ഥാനത്തില്‍ റോഡ് പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.