-->
പേരാമ്പ്ര: ജില്ലയിലെ പ്രധാനപ്പെട്ട ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിലെ ചവറംമൂഴി പുഴയില്‍ വൃക്ഷങ്ങളും മരക്കമ്പുകളും അടിഞ്ഞ് കൂടി ജലത്തിന്റെ നീരൊഴുക്ക് തടസപ്പെടുന്നതായി പരാതി. കുറ്റ്യാടി പുഴ കടന്ന് വരുന്ന ചവറംമൂഴി, ജാനകിക്കാട്, പറമ്പല്‍ ഭാഗങ്ങളില്‍ പലസ്‌ഥലങ്ങളിലും പുഴയില്‍ മരങ്ങളും, മരക്കമ്പുകളും വീണടിഞ്ഞത് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
മരങ്ങള്‍ വളന്നും കാടുകള്‍ നിറഞ്ഞും പുഴയുടെ സുഗമമായ ഒഴുക്കിന് തടസമാകുമ്പോള്‍ പ്രദേശത്തെ പുഴകരകള്‍ക്ക് ഭീഷണിയാകുന്നതായും ആരോപണമുണ്ട്. കാലവര്‍ഷം ശക്‌തമാകുമ്പോള്‍ വനമേഖലയില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലും മല വെള്ളപാച്ചിലിലും വന്‍മരങ്ങളും ശിഖരങ്ങളും തങ്ങി നിന്ന് മണ്ണും ചെളിയും നിറഞ്ഞ് പുതിയ തുരുത്തുകള്‍ രൂപപ്പെട്ട് പുഴ ഗതി മാറി ഒഴുകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായും പറയുന്നു. പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്‌ത് ആഴം വര്‍ദ്ധിപ്പിച്ച് പുഴ ഗതിമാറി ഒഴുകാതെ മഴക്കാലത്ത് ജലം സുഗമമായി ഒഴുകി പോകാന്‍ സൗകര്യമൊരുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
താമസക്കാരായ പലരും മഴക്കാലത്ത് സ്വന്തം വീടുപേക്ഷിച്ച് മറ്റു സ്‌ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ട അവസ്‌ഥയുണ്ടെന്നും ശക്‌തമായ മഴയില്‍ കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ പുഴയോരവും സമീപത്തെ റോഡുകളും ഇടിഞ്ഞുതാഴുന്ന അവസ്‌ഥയുണ്ടെന്നും പുഴയില്‍ വീണടിഞ്ഞ മരങ്ങളും മറ്റും നിക്കം ചെയ്‌താല്‍ ഇത് പരിഹരിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ എം.പി പ്രകാശ് മംഗളത്തോട് പറഞ്ഞു.