-->
ബാലുശേരി: ഇന്ന് ലോക വനിതാദിനം ആഘോഷിക്കുമ്പോള്‍ പനങ്ങാട് പാറമുക്കിലെ ദേവി ടീച്ചര്‍ക്ക് വിശ്രമമില്ല. ആറര പതിറ്റാണ്ടായി നൃത്തവേദികളിലും അണിയറകളിലും വിസ്‌മയമായി തുടരുന്ന ടീച്ചര്‍, ഈ എഴുപത്തിയേഴാം വയസിലും ക്ഷേത്രങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന അമ്മമാരെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്.
കഥകളി കലാകാരനായിരുന്ന അച്‌ഛന്‍ കുമാരന്‍ പണിക്കരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ജന്മസിദ്ധമായ കഴിവ് തന്റെ ജീവിതചര്യയാക്കി മാറ്റുകയായിരുന്നു ദേവി ടീച്ചര്‍. കഴിഞ്ഞ 64 വര്‍ഷമായി ഈ രംഗത്ത് സജീവമായ ടീച്ചര്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് നൃത്തം അഭ്യസിപ്പിച്ച് അരങ്ങത്തെത്തിച്ചത്. പ്രസിദ്ധ സിനിമനാടക നടി സരസ ബാലുശേരിയോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ച അനുഭവസമ്പത്തും ടീച്ചര്‍ക്കുണ്ട്. കലോത്സവ വേദികളില്‍ ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഏകാങ്ക നാടകം എന്നിവയിലെല്ലാം ടീച്ചറുടെ ശിക്ഷണം നേടിയ കുട്ടികള്‍ വിജയക്കൊടി പാറിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരും ഉന്നത ഉദ്യോഗസ്‌ഥരുമായ ഒട്ടേറെ ശിഷ്യര്‍ ടീച്ചര്‍ക്കുണ്ട്. ആദ്യകാലങ്ങളില്‍ നാട്ടിന്‍പുറത്തെ വീടുകളില്‍ നേരിട്ടെത്തി കുട്ടികള്‍ക്ക് ഏഴാം തരം വരെ ട്യൂഷന്‍ നല്‍കാനും ടീച്ചര്‍ സമയം കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇന്നത്തെ തലമുറയുടെ പോക്കിനെക്കുറിച്ച് പറയുമ്പോള്‍ ടീച്ചറുടെ മനസില്‍ ചെറിയൊരു സങ്കടമുണ്ട്. പഴയകാലത്തെ അച്ചടക്കവും കലയോടുള്ള അര്‍പ്പണബോധവും ഇന്നത്തെ പലരിലും കാണുന്നില്ലെന്ന് ടീച്ചര്‍ ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാരിന്റെ ബലിക്കളം എന്ന പരിപാടി കേരളത്തിലും മൈസൂരിലുമായി 35ഓളം വേദികളില്‍ അവതരിപ്പിച്ച ടീച്ചര്‍ക്ക് കൂട്ടായി സഹോദരന്മാരായ പനായി ഗോപി, ശങ്കരന്‍, കരുണന്‍ എന്നിവരുമുണ്ടായിരുന്നു. ഉത്സവപ്പറമ്പുകളിലെ അണിയറയില്‍ തോറ്റംപാട്ട്, ഗുളികന്‍ തിറപ്പാട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ടീച്ചര്‍ സജീവമായിരുന്നു.
നിരവധി ആദരവുകള്‍ ഇതിനോടകം ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. കല ശ്വസിക്കുന്ന കുടുംബമാണ് ടീച്ചറുടേത്. മക്കളായ സ്‌മിതയും സുമേഷും സ്‌മിനേഷും കലാരംഗത്ത് ഒട്ടും പിന്നിലല്ല. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ സഹോദരനാണ് ടീച്ചറുടെ അനിയത്തിയുടെ ഭര്‍ത്താവ്. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ, പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ച് ദേവി ടീച്ചര്‍ ഇന്നും തന്റെ ചിലങ്കയൊലി നിലയ്‌ക്കാതെ കാക്കുന്നു.