-->
കുട്ടനാട്: പ്രളയാനന്തരം സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് എ.സി. റോഡെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
752 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആലപ്പുഴ - ചങ്ങനാശേരി റോഡ് മങ്കൊമ്പ് ജങ്‌ഷനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 65.5 കോടി രൂപയില്‍ നിര്‍മ്മിച്ച പടഹാരം പാലത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കാവാലം തട്ടാശേരി പാലത്തിന്റെ നിര്‍മ്മാണം, കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി - ഘട്ടം 2 നിര്‍മ്മാണം, വീയപുരം മുളയ്‌ക്കാംതുരുത്തി റോഡ് എന്നിവ ഉള്‍പ്പടെ 514 കോടി രൂപയുടെ വിവിധ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നിര്‍വഹിച്ചു.
മഴ ഒന്ന് കനത്താല്‍ യാത്ര തടസപ്പെടുന്ന കാലം മാറി പ്രളയത്തെ അതിജീവിക്കും വിധം എ.സി റോഡ് പുനര്‍നിര്‍മ്മിക്കാനായി. ഇതിന്റെ പ്രയോജനം ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ക്ക് മാത്രമല്ല ഈ വഴി യാത്ര ചെയ്യുന്ന സംസ്‌ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കും. 2027 മേയില്‍ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് മു5ഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി 615 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ കുട്ടനാടിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്‌ഥിരമായ മാനേജ്‌മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. ഇതിനായിട്ടുള്ള തുക 87 കോടി രൂപയില്‍നിന്നു 137 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ കുട്ടനാട്ടിലെ ബണ്ട് നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ 107 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വര്‍ഷം മുമ്പുള്ള കേരളത്തിന്റെ അവസ്‌ഥ നിലവിലെ സ്‌ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വികസന നേട്ടങ്ങള്‍ വ്യക്‌തമായി മനസിലാക്കാന്‍ കഴിയും. ദേശീയപാത വികസനം പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സംസ്‌ഥാനമായി കേരളം മാറിയത് യാദൃച്‌ഛികമല്ല. 2016 നുശേഷം തടസങ്ങളെല്ലാം നീക്കി അവ നടപ്പാക്കാന്‍ സാധിച്ചത് വ്യക്‌തമായ നയത്തിന്റെ ഭാഗമായിട്ടാണ്.
കേരളത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് ഒന്നും നടക്കില്ല എന്നതായിരുന്നു 2016-ന് മുന്‍പിലെ അവസ്‌ഥ. എന്നാല്‍ അത് തിരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. തടസങ്ങള്‍ക്കു മുന്‍പില്‍ വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്‌പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ലെന്ന് കരുതിയ ഒന്നാണ്. നമ്മോടൊപ്പം ആരംഭിച്ച മറ്റു സംസ്‌ഥാനങ്ങളെല്ലാം അത് പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ തടസങ്ങള്‍ പോലും മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. 2016-നുശേഷം ആ പദ്ധതിക്ക് ജീവന്‍ വയ്‌ക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഉപേക്ഷിക്കപ്പെട്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയും യാഥാര്‍ഥ്യമായി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്‌ക്കായി 10,000 കോടി രൂപ ചെലവഴിച്ചുകൊണ്ട് നടപ്പാക്കുകയാണ്. വയനാട് തുരങ്കപാത പോലുള്ള പുതിയ പദ്ധതികളും പുരോഗമിക്കുന്നു. സര്‍ക്കാര്‍ ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട് വന്നപ്പോള്‍ വികസനത്തെ എതിര്‍ക്കാനും തടസങ്ങള്‍ സൃഷ്‌ടിക്കാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍, ആ തടസങ്ങളെല്ലാം അതിജീവിച്ച് നിശ്‌ചിത സമയത്തിനുള്ളില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജലപാതയുടെ പ്രധാന റീച്ചുകളിലൊന്ന് പൂര്‍ത്തിയായി . നവകേരള സൃഷ്‌ടിക്കായി ഏവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 1300 കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ ഉദ്‌ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അഞ്ചുവര്‍ഷംകൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇന്ന് 200 പാലങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് കടക്കാന്‍ പോകുന്നു എന്നത് അഭിമാനകരമാണ്. 2016 ലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും കഠിന ശ്രമവുമാണ് എ.സി. റോഡ് പോലെ ഒരു പദ്ധതി വരുന്നതിന് കാരണമായത്. മുഖ്യമന്ത്രിയും അന്നത്തെ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്കും ജി. സുധാകരനും ഉള്‍പ്പടെയുള്ള മന്ത്രിസഭയാണ് ഇത്തരത്തിലുള്ള പദ്ധതിക്കുവേണ്ടി തീരുമാനം എടുത്തത്.
ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍ വിശിഷ്‌ടാതിഥിയായി സംസാരിച്ചു. കുട്ടനാട്ടില്‍ ശുദ്ധജലം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതെന്നും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 70 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ 13 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കിഫ്‌ബി ധനസഹായത്തോടെയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
മന്ത്രി സജി ചെറിയാന്‍, എം.എല്‍.എമാരായ തോമസ്.കെ. തോമസ്, എച്ച്. സലാം, പി.പി ചിത്തരഞ്‌ജന്‍, യു. പ്രതിഭ, എം.എസ്. അരുണ്‍ കുമാര്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്, എ.ഡി.എം. ആശാ സി. എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, കെ.എസ്.ടി.പി. പ്രോജക്‌ട് ഡയറക്‌ടര്‍ എം. അഞ്‌ജന, കെ.ആര്‍.എഫ്.ബി. പ്രോജക്‌ട് ഡയറക്‌ടര്‍ എം അശോക് കുമാര്‍, കെ.ആര്‍.എഫ്.ബി. ജനറല്‍ മാനേജര്‍ ബിജു കൃഷ്‌ണന്‍, കെ.എസ്.ടി.പി. ചീഫ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ടി ബിന്ദു, കെ.ആര്‍.എഫ്.ബി. സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ആര്‍. മഞ്‌ജുഷ , കെ. എസ്.ടി.പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ്. ജ്യോതി , കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്‌ഘാടനം ചെയ്‌ത
വിവിധ
പദ്ധതികള്‍
ആലപ്പുഴ-ചങ്ങനാശേരി
റോഡ്
ആലപ്പുഴ ജില്ലയേയും കോട്ടയം ജില്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്‌ഥാനപാത. 24.164 കിലോമീറ്റര്‍ നീളത്തില്‍ 752 കോടി രൂപ ചെലവഴിച്ച് റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് പുനര്‍ നിര്‍മ്മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
10 മീറ്റര്‍ വീതിയുള്ള റോഡിന് ഇരുവശവും ടൈല്‍ പാകിയ നടപ്പാതയും ഓടയും കൂടാതെ വലത് വശത്ത് യൂട്ടിലിറ്റി ഡക്‌ട് ഉള്‍പ്പെടെ നാല് മേജര്‍ പാലങ്ങളും 14 മൈനര്‍ പാലങ്ങളും അഞ്ച് ഫ്‌ളൈ ഓവറുകളും മൂന്നു കോസ്‌വേകളും 73 കലുങ്കുകളും 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തെരുവ് വിളക്കുകള്‍ സ്‌ഥാപിക്കലും ദിശാ ബോര്‍ഡുകളും സൂചനാബോര്‍ഡുകളും അപകട സൂചനാബോര്‍ഡുകളും ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി നടത്തിയിട്ടുണ്ട്.
റോഡില്‍ സുരക്ഷാ ക്രമീകരണങ്ങളും, റോഡ് മാര്‍ക്കിങ്ങും, റോഡ് സ്‌റ്റഡ് സ്‌ഥാപിക്കലും നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പൂക്കൈതയാറിന്
പടഹാരം പാലം
കുട്ടനാട് നിയോജകമണ്ഡലത്തില്‍ പമ്പയാറിന്റെ കൈവഴിയായ പൂക്കൈതയാറിന് കുറുകെ നെടുമുടി-തകഴി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്‌ബിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച 453 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ എ.സി. റോഡില്‍നിന്നും അമ്പലപ്പുഴ-തിരുവല്ല സംസ്‌ഥാനപാതയിലേയ്‌ക്കുള്ള ബൈപാസ് ആണ് സാധ്യമായിരിക്കുന്നത്. 2020 ജൂണ്‍ മാസം ആരംഭിച്ച പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. വിനോദസഞ്ചാരത്തിനുകൂടി പ്രാധാന്യം നല്‍കി രണ്ടു നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള പാലത്തിന് താഴത്തെ നിലയില്‍ നടപ്പാതയും എട്ട് വാച്ച് ടവറുകളും ഉണ്ട്.
. വീയപുരം-മുളയ്‌ക്കാംതുരുത്തി റോഡ്
റീബില്‍ഡ് കേരളപദ്ധതിയില്‍ ഉള്‍പ്പെടുത്തി 132 കോടി രൂപ വകയിരുത്തി കെ.എസ്.ടി.പി. മുഖേനയാണ് നിര്‍വഹണം നടത്തുന്നത്. 21 കിലോമീറ്ററാണ് ആകെ നീളം. കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം, എടത്വാ, രാമങ്കരി, വെളിയനാട്, കാവാലം, നീലംപേരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് ചങ്ങനാശേരിയിലെ തുരുത്തിയില്‍ അവസാനിക്കുന്നു.
കാവാലം-
തട്ടാശേരി പാലം
2016-17 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്‌ബി സഹായത്തോടെ പമ്പാ നദിയില്‍ നിര്‍മ്മിക്കുന്ന കാവാലം തട്ടാശേരി പാലം കാവാലം, കുന്നുമ്മ കരകളെ ബന്ധിപ്പിക്കുന്നതാണ്. എ.സി. റോഡില്‍ നിന്നും ചങ്ങനാശേരി വഴിയല്ലാതെ കോട്ടയത്ത് നേരിട്ട് എത്തുന്നതിന് കാവാലം പാലം നിര്‍മ്മാണത്തിലൂടെ സാധിക്കും. നിലവില്‍ ജങ്കാറിനെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്ക് ഇത് വളരെയധികം ഉപകാരപ്രദമാണ്.
സമഗ്ര കുട്ടനാട്
കുടിവെള്ള പദ്ധതി
കുട്ടനാട്ടിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് 615 കോടി രൂപ വകയിരുത്തി സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
തലവടി പഞ്ചായത്തിലെ നീരേറ്റുപുറത്ത് പമ്പയാറിന്റെ തീരത്തുള്ള ജലശുദ്ധീകരണ ശാലയില്‍നിന്നു 13 ഗ്രാമപഞ്ചായത്തുകളിലെ ഓവര്‍ഹെഡ് ടാങ്കുകളിലേയ്‌ക്കുള്ള പ്രധാന പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ 70 കോടി രൂപ വകയിരുത്തി ആദ്യഘട്ടമായി നടപ്പാക്കി.
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി 64.5 കോടി രൂപ വകയിരുത്തി ഹൗസ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നു. 6021 ഹൗസ് കണക്ഷണനുകള്‍ ഇതുവരെ നല്‍കി. കിഫ്‌ബി ഫണ്ടില്‍നിന്നു 481 കോടി രൂപ വകയിരുത്തി 13 ഗ്രാമപഞ്ചായത്തുകളിലെ ഓവര്‍ഹെഡ് ടാങ്കുകളുടെയും പൈപ്പ് ലൈന്‍ ശൃംഖലയുടെ നിര്‍മ്മാണവും നടക്കുന്നു. നീരേറ്റുപുറത്തുള്ള പ്രധാനപ്ലാന്റിന്റെ 65 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുകയും ചെയ്‌തു.