-->
അമ്പലപ്പുഴ: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കൃത്യത പാലിക്കുന്നവര്‍ക്കായി പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം ഏര്‍പ്പെടുത്തിയ മെഗാ സമ്മാന പദ്ധതിയുടെ വിതരണം നടന്നു. തുടര്‍ച്ചയായ ചികിത്സയിലൂടെയും ചിട്ടയായ ശീലങ്ങളിലൂടെയും ആരോഗ്യം വീണ്ടെടുത്തവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദി കേരള ഹെല്‍ത്ത് സ്‌റ്റോറി എന്ന ഈ വാര്‍ഷിക പരിപാടി സംഘടിപ്പിച്ചത്.
മൂന്ന് മാസം തുടര്‍ച്ചയായി ജീവിത ശൈലി രോഗ പരിശോധനക്ക് എത്തുകയും കൃത്യമായ ചികിത്സയിലൂടെയും ചിട്ടയായ ജീവിത ശൈലിയിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കിയ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.
എല്ലാ മാസവും കൃത്യമായി ആശുപത്രിയില്‍ പരിശോധനക്ക് എത്തുന്ന ഏറ്റവും പ്രായമേറിയ വ്യക്‌തിയായ സദാനന്ദ വാധ്യാറി(90) നെ പ്രഷര്‍ കുക്കര്‍ സമ്മാനം നല്‍കി ആദരിച്ചു . രോഗം നിയന്ത്രണ വിധേയമാക്കി 84-ാം വയസിലും മല്‍സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കോയയെയും മിക്‌സര്‍ ഗ്രൈന്‍ഡര്‍ സമ്മാനം നല്‍കി ആദരിച്ചു.
ജീവിത ശൈലി രോഗനിയന്ത്രണത്തില്‍ കൃത്യത പുലര്‍ത്തുന്ന 525 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരായവരെ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹുമത് ഹാമീദ്, ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുലേഖ , അംഗങ്ങളായ ബീന, ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.