Thursday, March 12, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.36 AM

കൊമ്മാടി - മട്ടാഞ്ചേരി റോഡ്‌, ആറാട്ടുവഴി, പോപ്പി പാലങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു

ആലപ്പുഴ: ജില്ലയുടെ മുഖച്‌ഛായ മാറ്റുന്ന തരത്തിലുള്ള അടിസ്‌ഥാന സൗകര്യ വികസനമാണ്‌ ആലപ്പുഴയില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട്‌ സര്‍ക്കാര്‍ നടത്തിയതെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കൊമ്മാടി-മട്ടാഞ്ചേരി റോഡ്‌, ആറാട്ടുവഴി, പോപ്പി പാലങ്ങള്‍ എന്നിവയുടെ ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ പത്ത്‌ വര്‍ഷം കൊണ്ട്‌ ആലപ്പുഴ ജില്ല കൈവരിച്ചത്‌ മുപ്പത്‌ വര്‍ഷത്തെ വികസന നേട്ടങ്ങളാണ്‌.
2016 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന നിശ്‌ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ ആലപ്പുഴയുടെ ഈ കുതിപ്പിന്‌ ആധാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊമ്മാടി പാലത്തിന്‌ സമീപമുള്ള അഞ്‌ജലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ. അധ്യക്ഷനായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയത്‌ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന്‌ പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട്‌ 400 കോടി രൂപയുടെ റോഡുകളാണ്‌ മണ്ഡലത്തില്‍ നിര്‍മ്മിച്ചത്‌. നിലവില്‍ പുരോഗമിക്കുന്ന പുന്നമട നെഹ്‌റു ട്രോഫി പാലം, കോടതിപ്പാലം എന്നിവയുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴ മണ്ഡലത്തില്‍ ഇനി പുതിയ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഉണ്ടാകില്ലെന്നും അത്രത്തോളം വിപുലമായ അടിസ്‌ഥാന സൗകര്യ വികസനമാണ്‌ നടന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കിഫ്‌ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി) ആണ്‌ ആറാട്ടുവഴി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കിയത്‌. നാല്‌ കോടി രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കിയ പദ്ധതികളില്‍ ആറാട്ടുവഴി പാലം13.20 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
ദേശീയപാത, വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ജില്ലാ കോടതി തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഈ പാലം പ്രദേശവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമാകും. എ.എസ്‌. കനാലിന്‌ കുറുകെ 13.20 മീറ്റര്‍ നീളത്തിലും മൂന്ന്‌ മീറ്റര്‍ വീതിയിലുമാണ്‌ പോപ്പി പാലം നിര്‍മ്മിച്ചത്‌.
കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌(കെ.ആര്‍.എഫ്‌.ബി) 12.5 കോടി രൂപ ചെലവഴിച്ചാണ്‌ കൊമ്മാടി-മട്ടാഞ്ചേരി റോഡ്‌ ബി.എം.ബി.സി. നിലവാരത്തില്‍ 1.90 കിലോമീറ്റര്‍ നടപ്പാതയടക്കം ആധുനിക രീതിയില്‍ നവീകരിച്ചത്‌. ഏഴ്‌ മീറ്റര്‍ വീതിയുള്ള വിപുലമായ ക്യാരേജ്‌ വേ, 1.20 മീറ്റര്‍ വീതിയുള്ള ടൈല്‍ പാകിയ നടപ്പാത, ഒരു മീറ്റര്‍ വീതിയുള്ള ഓട, 12 ക്രോസ്‌ ഡ്രെയിനേജുകള്‍ എന്നിവ അടങ്ങിയതാണ്‌ നിര്‍മ്മാണം.
കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌, കൗണ്‍സിലര്‍മാരായ ബീന ജോസഫ്‌, ബെന്നി ജോസഫ്‌, എം.കെ. നിസാര്‍, എ. ഷാനവാസ്‌, പി.വി. വേണുഗോപാല്‍,സി. ഡി. എസ്‌ ചെയര്‍പേഴ്‌സണ്‍ ഹെലന്‍ ഫെര്‍ണാണ്ടസ്‌, കെ.ഐ.ഐ.ഡി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരണ്‍ ബാബു, കെ.ആര്‍.എഫ്‌.ബി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ബി. ദീപ, വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 08 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW