Wednesday, March 11, 2026 Last Updated 47 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

മഴ മാറി, ഇനി പകല്‍ പൊള്ളും യു.വി. ഇന്‍ഡക്‌സ് കുതിക്കുന്നു

uploads/news/2026/03/828842/2.jpg

കോട്ടയം: മഴയ്‌ക്കു താത്‌കാലിക വിരാമം, ഇനി രണ്ടാഴ്‌ച പൊള്ളുന്ന പകലുകള്‍. ഇടവേളയ്‌്്ക്കു ശേഷം പകല്‍ താപനില ഉയര്‍ന്നു തുടങ്ങിയതോടെ ജനജീവിതം ദുസഹമായി. അള്‍ട്രാവയലറ്റ്‌ സൂചിക അപകടകരമായ നിലയിലേക്ക്‌ ഉയരുന്നതു ഗുരുതര ആരോഗ്യം പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഈ മാസം പകുതി വരെ സാധാരണ നിലയിലുള്ള ചൂടാണു പ്രവചനമെങ്കിലും മഴയ്‌ക്കു ശേഷമുള്ള വേനലായതിനാല്‍ അസ്വസ്‌ഥതയേറുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌.ഒരു ദിവസം 37.5 ഡിഗ്രി സെല്‍ഷ്യസ്‌ വരെയെത്തിയെങ്കിലും സാധാരണയില്‍ കുറഞ്ഞ ചൂടു ദിനങ്ങള്‍ മാത്രമായിരുന്നു ജില്ലയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായിരുന്നത്‌.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാന ദിവസങ്ങളില്‍ പൊള്ളുന്ന ചൂടായിരുന്നുവെങ്കില്‍ ഇത്തവണ മഴ ദിനങ്ങളായിരുന്നു. അപ്രതീക്ഷിത മഴ എത്തിയില്ലായിരുന്നുവെങ്കില്‍ ചൂട്‌ റെക്കോര്‍ഡ്‌ മറികടക്കുമായിരുന്നുവെന്നു നിരീക്ഷകര്‍ പറയുന്നു.അതേസമയം അള്‍ട്രാവയലറ്റ്‌ വികിരണത്തോതു വര്‍ധിക്കുന്നത്‌ ആശങ്കയ്‌ക്കു കാരണമാകുന്നുണ്ട്‌. ജില്ലയില്‍ വികിരണത്തോട്‌ അപകടകരമായ നിലയിലേക്ക്‌ ഉയര്‍ന്നതോടെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത്‌ ഏറ്റവും ഉയര്‍ന്ന വികിരണത്തോതു രേഖപ്പെടുത്തുന്ന സ്‌ഥലങ്ങളിലൊന്നായി ചങ്ങനാശേരി മാറിയിരിക്കുകയാണ്‌, കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സൂചിക ഏഴായിരുന്നു. ഇതോടെ, തുടര്‍ച്ചയായ സൂര്യപ്രകാശമേല്‍ക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ഡോക്‌ടമാര്‍ പറയുന്നു. സൂര്യാതപം, ചര്‍മ രോഗങ്ങള്‍ എന്നിവയ്‌ക്കു കാരണമായേക്കാം.
നിലവില്‍, ഈ മാസം പകുതി വരെ ശക്‌തമായ മഴ പ്രവചനമില്ല. തെക്കേ ഇന്ത്യയ്‌ക്കൊപ്പം മധ്യ ഇന്ത്യയ്‌ക്കും ചൂടേറുന്നതോടെ ചൂടുകാറ്റിന്റെ പ്രവാഹം വര്‍ധിക്കുന്നതും പകല്‍ താപനില വര്‍ധനവിനു കാരണമാകും. ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ റെക്കോര്‍ഡ്‌ ചൂട്‌ അനുഭവപ്പെടുന്നത്‌ മാര്‍ച്ചിലാണ്‌. ഇത്തവണയും വരും ദിവസങ്ങളില്‍ സമാന അന്തരീക്ഷമുണ്ടാകാനാണ്‌ സാധ്യതയെന്നും വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അനൗദ്യോഗികമായി പകല്‍ താപനില ജില്ലയില്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, മഴ മാറിയത്‌ നെല്‍ക്കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. പുഞ്ചകൃഷിയുടെ വിളവെടുപ്പ്‌ പാതിയിലെത്തിയപ്പോഴായിരുന്നു മഴയുടെ വരവ്‌. ആയിരക്കണക്കിന്‌ ഏക്കറില്‍ വിളവെത്തിയതും കൊയ്‌തതുമായ നെല്ല്‌ പാടത്തായിരുന്നു. മഴ നീണ്ടു നിന്നിരുന്നുവെങ്കില്‍ കൊയ്‌തെടുത്ത നെല്ല്‌ പോലും നശിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. മഴ മാറിയതോടെ കൊയ്‌ത്ത് വീണ്ടും സജീവമായിരിക്കുകയാണ്‌.

പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍

രാവിലെ 11 മുതല്‍ 3 വരെ നേരിട്ട്‌ ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത്‌ തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ്‌ സോഫ്‌റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത്‌ ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത്‌ നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്‌.ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ്‌ മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്‌. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

അംഗനവാടി കുട്ടികള്‍ക്ക്‌ ചൂട്‌ ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത്‌ പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത്‌ കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW