Wednesday, March 11, 2026 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

ഭാഗ്യശാലിയാണോ, ജീവനോടെ ഐക്കരശാലി കടക്കാം പാലം ദുരവസ്‌ഥയിലായിട്ട്‌ വര്‍ഷങ്ങള്‍

uploads/news/2026/03/828841/1.jpg

അയ്‌മനം: അയ്‌മനം പഞ്ചായത്തിലെ രണ്ടും മൂന്നും വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐക്കരശാലി പാലം പരുക്കില്ലാതെ കടക്കുന്നവര്‍ ഭാഗ്യശാലികളാണ്‌. കാരണം, അത്ര ദുരവസ്‌ഥയിലാണു പാലം.
അക്കരയെത്തണമെങ്കില്‍ ജീവനും കൈപിടിച്ചു വേണം പാലത്തില്‍ കയറാനെന്നു പ്രദേശവാസികള്‍ പറയുന്നു.
രണ്ടു കമ്പികള്‍ താങ്ങായി നിര്‍ത്തി താല്‍ക്കാലികമായി ചവിട്ടുപടികള്‍ കെട്ടിവെച്ചതിലൂടെ വേണം യാത്ര ചെയ്യാന്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം തകര്‍ന്നിട്ടു തന്നെ വര്‍ഷങ്ങളായി. പാലം പൂര്‍ണമായും തകര്‍ന്ന്‌ സഞ്ചാരയോഗ്യമല്ലാതായിട്ടും നിവൃത്തിയില്ലാത്തതിനാല്‍ അപകടം മുന്നില്‍ കണ്ട്‌ പാലത്തില്‍ കയറേണ്ട ഗതികേടിലാണു നാട്ടുകാര്‍. കരഭാഗത്തെ കൂട്ടിയോജിപ്പിക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെയാണു പ്രദേശവാസികള്‍ ചേര്‍ന്നു താല്‍ക്കാലികമായി പാലം കൂട്ടിയോജിപ്പിച്ചത്‌. സ്‌കൂള്‍ കുട്ടികളും കര്‍ഷകരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന പാലമാണ്‌ ഇത്‌. കരീമഠം, വല്യാട്‌ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക്‌ പരിപ്പ്‌, മറ്റ്‌ സ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ എളുപ്പത്തില്‍ എത്താവുന്ന പാലം ആണിത്‌. വല്യാട്‌ ജലോത്സവ വേദിക്ക്‌ സമീപത്താണു പാലം സ്‌ഥിതി ചെയ്യുന്നത്‌. മഴക്കാലങ്ങളില്‍ പാലത്തിലൂടെയുള്ള യാത്ര ഭീതി നിറഞ്ഞതാണ്‌. നാട്ടുകാരുടെ പ്രയത്നത്താല്‍ 43 വര്‍ഷങ്ങള്‍ക്കു മുന്‍പു പണി കഴിപ്പിച്ച പാലമാണിത്‌. പിന്നീട്‌, അറ്റകുറ്റപ്പണികള്‍ക്കായി അധികൃതരില്‍ നിന്നും കാര്യമായ സഹായം ലഭിച്ചില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പൂര്‍ണമായും തകര്‍ന്ന ഈ പാലം അടുത്തകാലത്ത്‌ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്താണു തടികളും കമ്പുകളും ഇട്ട്‌ സഞ്ചാരയോഗ്യമാക്കിയത്‌.
കരീമഠം പ്രദേശത്തേക്കു ചെറുവാഹനങ്ങള്‍ക്ക്‌ എത്താവുന്ന രീതിയില്‍ ബണ്ടു റോഡുകള്‍ സജ്‌ജമായിട്ടുണ്ട്‌. ഐക്കരശാലി പാലം വാഹനങ്ങള്‍ക്കു കയറാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ പ്രദേശത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്‌ ആക്കം കൂട്ടുകയും വിനോദസഞ്ചാര മേഖലക്ക്‌ ഉണര്‍വും ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW