-->
അമ്പപ്പുഴ: അഞ്ചുവര്‍ഷംകൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം 30ല്‍ നിന്നും 930 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് ആരോഗ്യ മേഖലയിലെ സര്‍ക്കാരിന്റെ നിശ്‌ചയദാര്‍ഢ്യത്തിന് തെളിവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ട്രോമാകെയര്‍ യൂണിറ്റും അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉള്‍പ്പെടെയുള്ള 56.75 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വലിയൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ ഭൗതിക സാഹചര്യങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി 20. 73 കോടി രൂപ ചെലവില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കും 34.76 കോടി രൂപ ചെലവില്‍ ട്രോമ കെയര്‍ യുണിറ്റും നിര്‍മ്മിച്ചു. 173 കോടി രൂപയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 200 ബെഡുകളും 50 ഐ.സി.യു ബെഡുകളും സജ്‌ജമാക്കിയിട്ടുണ്ട്. കാര്‍ഡിയോളജി വിഭാഗത്തില്‍ ത്രീഡി മാപ്പിംഗ് സൗകര്യമുള്ള കാത്ത് ലാബ്, സി.ടി. സ്‌കാന്‍, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഒരുക്കി. കൂടാതെ, ഗൈനക്കോളജി വിഭാഗത്തിനായി 30 കോടി രൂപയുടെ പ്രത്യേക ബ്ലോക്കും, പ്ലാസ്‌റ്റിക് സര്‍ജറി, നിയോനാറ്റോളജി തുടങ്ങിയ പുതിയ വിഭാഗങ്ങളും ആരംഭിച്ചു. ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റിയ കോളേജിന്റെ ചുറ്റുമതില്‍ 1.26 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും 20 പുതിയ പി.ജി. സീറ്റുകള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ഷാജിമോന്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ. ജീതു, ഷീജ നൗഷാദ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.