-->
ദ്വീപ് നിവാസികളുടെ സ്വപ്‌നം യാഥാര്‍ഥ്യമായി,പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പെരുമ്പളം പാലം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
കായലിന് കുറുകെ നിര്‍മ്മിച്ച സംസ്‌ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. ഇത് തുറന്നുനല്‍കുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. ദ്വീപ് നിവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കും സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്ന ഈ പദ്ധതി, പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും. ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ജനതയ്‌ക്ക് കരയുമായി നേരിട്ട് ബന്ധപ്പെടാന്‍ ഇനി ഈ പാലം വഴി സാധിക്കും.
2016-17 സംസ്‌ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്‌ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെ.ആര്‍.എഫ്.ബി വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് ഈ പാലം പണിതീര്‍ത്തത്. ആകെ 1155.40 മീറ്റര്‍ നീളമുള്ള പാലത്തിന് 35 മീറ്റര്‍ 27 സ്‌പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്‌ട്രിങ് ആര്‍ച്ച് സ്‌പാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ പ്രകൃതിരമണീയമായ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്‌പന. ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് ഈ പാലം പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കും. പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, കെ.സി. വേണുഗോപാല്‍ എം.പി, ദലീമ ജോജോ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. മുന്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കും.