Wednesday, March 11, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

ഇലന്തൂര്‍ പടയണിക്ക്‌ സമാപനം ആയുരാരോഗ്യ സമ്പദ്‌- കാര്‍ഷിക സമൃദ്ധി ആശംസിച്ച്‌ കോലങ്ങള്‍ കളമൊഴിഞ്ഞു

ഇലന്തൂര്‍: കാച്ചി കടുപ്പിച്ച തപ്പിന്റെ രൗദ്ര താളത്തില്‍ മാടനും മറുതയും യക്ഷിയും പക്ഷിയുമെല്ലാം ഇലന്തൂര്‍ കാവിലമ്മക്ക്‌ മുന്നിലെത്തി ഉറഞ്ഞ്‌തുള്ളി ശാന്തരായി .ഇന്നലെ രാത്രി നടന്ന വലിയ പടയണിയോടെ പ്രസിദ്ധമായ ഇലന്തൂര്‍ പടയണിക്ക്‌ സമാപിച്ചു .
ആചാരാനുഷ്‌ഠാനങ്ങളിലെ കണിശതകൊണ്ട്‌ പ്രസിദ്ധമായ, ഇലന്തൂര്‍ പടയണി യില്‍ കരക്കാര്‍ കാവ്‌ തീണ്ടി, വിളിച്ചിറക്കിയ പ്രകൃതി ശക്‌തികളെ കത്തിച്ച ചൂട്ട്‌കറ്റകളുടെ വെളിച്ചത്തില്‍, താലപ്പൊലിയുടെയും, വായ്‌ക്കുരവകളുടെയും, രൗദ്ര താളങ്ങളുടെയും അകമ്പടിയോടെ, ഇലന്തൂര്‍ ഭഗവതിക്കുന്ന്‌ ക്ഷേത്രാങ്കണത്തിലേക്ക്‌ ആനയിച്ച്‌ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ ക്ഷേത്രത്തിന്‌ വലം വച്ച്‌, പടയണി ക്കളത്തില്‍ എഴുന്നെള്ളിയിരിക്കുന്ന ഇലന്തൂര്‍ കാവിലമ്മക്ക്‌ മുന്നില്‍, മാടനും മറുതയും യക്ഷിയും പക്ഷിയും ഗണപതിയും, കാലനുമെല്ലാം, കത്തിച്ച ഓലപ്പന്തങ്ങളുടെ വെളിച്ചത്തില്‍, കാച്ചിക്കടുപ്പിച്ച തപ്പിന്റെ രൗദ്ര താളത്തില്‍ ചുവട്‌ വച്ച്‌ ശാന്തരായി.ഇന്നലെ രാത്രി 10 ന്‌ കളരി വന്ദനത്തോടെയാണ്‌ വലിയപടയണി ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌.
ആദ്യം വെളിച്ചപ്പാട്‌ കളത്തിലെത്തി . തുടര്‍ന്ന്‌ ഭഗവതിയുടെ പ്രതിരൂപങ്ങളായ ഭൈരവിയും കാഞ്ഞിരമാലയും, തോഴിമാരായ യക്ഷിക്കോലങ്ങളുടെയും, ഭൂതഗണങ്ങളായ മറുത കോലങ്ങളുടേയും, അകമ്പടിയോടെ കളത്തിലിറങ്ങി. പിന്നാലെ പുലവൃത്തം, താവടി എന്നിവയും . ശിവ കോലങ്ങള്‍ കളത്തിലെതിയതോടെ പാളക്കോലങ്ങളുടെ വരവായി.
ഗണപതി, മറുത, മാടന്‍, സുന്ദരയക്ഷി, അരക്കിയെക്ഷി, അന്തരയക്ഷി, മായായക്ഷി, എരിനാഗയക്ഷി, കരിംകാളി, കാലന്‍ എന്നീ കോലങ്ങളും, പടയണിക്കളത്തില്‍ എഴുന്നെള്ളിയിരിക്കുന്ന ഇലന്തൂര്‍ കാവിലമ്മക്ക്‌ മുന്നിലെത്തി, കരക്കും കരക്കാര്‍ക്കും വരുന്ന ഒരുവര്‍ഷക്കാലം ആയുരാരോഗ്യ സമ്പദ്‌ സമൃദ്ധിയും, കാര്‍ഷിക സമുദ്ധിയും ആശംസിച്ച്‌ തുള്ളി ഒഴിഞ്ഞു. ഇതോടെ ഒരു പടയണിക്കാലത്തിന്‌ കൂടി ഇലന്തൂരില്‍ സമാപനമായി.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW