Wednesday, March 11, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.01 AM

പാല്‍വില വര്‍ധനയില്‍ മൗനം; കാലീത്തീറ്റ വില വര്‍ധനയ്‌ക്ക് സമ്മതം

കോട്ടയം: പാല്‍ വില വര്‍ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ മൗനം, കാലിത്തീറ്റ വില വര്‍ധിപ്പിക്കാന്‍ പിന്തുണ, സഹായിക്കേണ്ട മില്‍മ ചൂഷണം ചെയ്യുന്നതായി കര്‍ഷകര്‍. ക്ഷീര മേഖല പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനിടെ കാലിത്തീറ്റ വില വര്‍ധിപ്പിച്ചതോടെ കര്‍ഷക പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്‌. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വകാര്യ കമ്പനിയും സര്‍ക്കാര്‍ സ്‌ഥാപനമായ കേരളാ ഫീഡ്‌സും കാലിത്തീറ്റയ്‌ക്കു വില വര്‍ധിപ്പിച്ചു.
സ്വകാര്യ കമ്പനിയുടെ രണ്ടു വിഭാഗം കാലിത്തീറ്റകളാണ്‌ കര്‍ഷകര്‍ പ്രധാനമായും വാങ്ങുന്നത്‌. രണ്ടിനങ്ങള്‍ക്കും 50 രൂപ വീതം വര്‍ധിച്ച്‌ യഥാക്രമം 1515, 1345 എന്നിങ്ങനെയായി. കേരളാ ഫീഡ്‌സ് 30 രൂപ വര്‍ധിപ്പിച്ച്‌ 50 കിലോ ചാക്കിന്റെ വില 1515 രൂപയായി. ഇതോടെ, വിപണിയിലുള്ള മറ്റു സ്വകാര്യ കമ്പനികളും വില വര്‍ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്‌. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനയാണു കാലിത്തീറ്റ വില വര്‍ധിക്കാന്‍ കാരണമെന്നു കമ്പനി അധികൃതര്‍ പറയുന്നു.കാലിത്തീറ്റയ്‌ക്കൊപ്പം കന്നുകാലികള്‍ക്കു നല്‍കുന്ന പരുത്തിക്കുരു, ചോളം, ഗോതമ്പു തവിട്‌ എന്നിവയുടെയും വില വര്‍ധിച്ചു. കിലോഗ്രാമിനു ശരാശരി 6 - 7 രൂപയുടെ വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റ വില വര്‍ധിച്ചതോടെ കൂടുതല്‍ പശുക്കളുള്ള പല കര്‍ഷകരും അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങി പൊടിച്ചു നല്‍കുകയാണ്‌. ഗുണമേന്മ പോലും നോക്കാതെ വില കുറഞ്ഞ കമ്പനികളിലേക്കു മാറുന്നവരുമുണ്ട്‌.പാല്‍ വില വര്‍ധിപ്പിക്കാമെന്ന്‌ അവകാശപ്പെട്ടിട്ടു മാസങ്ങള്‍ പിന്നിട്ടിട്ടും മൗനം തുടരുന്ന അധികൃതരാണു കാലിത്തീറ്റ വില വര്‍ധനയ്‌ക്കു മൗനാനുവാദം നല്‍കിയിരിക്കുന്നതെന്നു കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ എബി ഐപ്പ്‌ ആരോപിച്ചു. പുതിയ വര്‍ധന കൂടുതല്‍ കര്‍ഷകരെ മേഖലയില്‍ നിന്നു പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം കന്നുകാലികളുടെ വിലയും കുത്തനെ ഉയരുകയാണ്‌. നേരത്തെ എച്ച്‌.എഫ്‌ പശുക്കളുടെ ശരാശരി വില 80000 - 100000 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്കു കുതിച്ചു. ഈ വില കൊടുത്താലും മികച്ച ഉത്‌പാദന ക്ഷമതയുള്ള പശുക്കളെ കിട്ടാനില്ലെന്നു കര്‍ഷകര്‍ പറയുന്നു. സബ്‌സിഡി ലഭിക്കുമ്പോഴും വിലയുടെ പാതി പോലും തികയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Friday 06 Mar 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW