Friday, March 13, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.01 AM

ഗ്രാമീണ ടൂറിസത്തിന്‌ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുന്നു: മന്ത്രി

uploads/news/2026/03/828745/3.jpg

ഇടുക്കി: ഗ്രാമീണ ടൂറിസത്തിന്‌ പ്രാമുഖ്യം നല്‍കുന്ന പദ്ധതികളാണ്‌ ഇടുക്കിയില്‍ നടപ്പാക്കുന്നതെന്ന്‌ ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. വെള്ളക്കയം, കുതിരക്കല്ല്‌ മഠംപടി ഭാഗങ്ങളില്‍ നിര്‍മിക്കുന്ന വി.സി.ബികളുടെ (വെന്റഡ്‌ ക്രോസ്‌ ബാര്‍) പൂര്‍ത്തീകരണ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വി.സി.ബിയിലേക്കുള്ള അപ്രോച്ച്‌ റോഡ്‌ നിര്‍മാണത്തിനായി 35 ലക്ഷം രൂപ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്‌. നിര്‍മാണ ചുമതല പൊതുമരാമത്ത്‌ വകുപ്പിനായിരിക്കും. യോഹന്നാന്‍പടി റോഡിന്‌ 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളുമെല്ലാം നവീകരിച്ചു. വിദ്യാഭ്യാസരംഗത്തും വലിയ മാറ്റമുണ്ടായി. നൂറ്‌ ഡോക്‌ടര്‍മാരാണ്‌ ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്ന്‌ പഠിച്ചിറങ്ങാന്‍ പോകുന്നത്‌. 60 വര്‍ഷം പഴക്കമുള്ള സംസ്‌ഥാനത്തെ മറ്റ്‌് മെഡിക്കല്‍ കോളജുകളുമായി ഇടുക്കിയെ താരതമ്യം ചെയ്യരുത്‌. ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസനം ഭാവിയിലേക്കുള്ള പ്രവര്‍ത്തനമാണ്‌. മെഡിക്കല്‍ പരീക്ഷയില്‍ മറ്റ്‌് മെഡിക്കല്‍ കോളജുകളേക്കാള്‍ വലിയ വിജയശതമാനം കരസ്‌ഥമാക്കിയത്‌ ഇടുക്കി മെഡിക്കല്‍ കോളജാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.
മെഡിക്കല്‍ കോളജിനോടനുബന്ധിച്ച്‌ നഴ്‌സിങ്‌ കോളജും ആരംഭിച്ചതോടെ സര്‍ക്കാര്‍ ഫീസില്‍ നഴ്‌സിങ്‌ പഠിക്കാന്‍ അവസരമുണ്ടായിരിക്കുന്നു.നഴ്‌സിങ്‌ കോളജ്‌ കെട്ടിട നിര്‍മാണത്തിനായി ആറ്‌ കോടിയാണ്‌ സര്‍ക്കാര്‍ അനുവദിച്ചത്‌. ആശുപത്രിയില്‍ കാര്‍ഡിയോളജി യൂണിറ്റ്‌ ആരംഭിച്ചു. കാത്ത്‌ ലാബ്‌ സ്‌ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
മരിയാപുരം - വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ മരിയാപുരം ഗ്രാമ പഞ്ചായത്തിലെ കുതിരക്കല്ല്‌ വാര്‍ഡില്‍ മഠം പടി ഭാഗത്ത്‌ നിന്നും വാഴത്തോപ്പ്‌ പള്ളിക്കവല ഭാഗത്തും വെള്ളക്കയം ഭാഗത്തുമുണ്ടായിരുന്ന ഗതാഗത മാര്‍ഗം 2018ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന്‌ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റിന്റെ പ്രത്യേക ഇടപെടലിലൂടെയാണ്‌ സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചത്‌. ഈ മേഖലയിലെ ജലസേചന അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. ജലപാതയ്‌ക്ക് കുറുകെ ഒരു വെന്റഡ്‌ ക്രോസ്‌ ബാര്‍ നിര്‍മിക്കുക, മെച്ചപ്പെട്ട ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ സുഗമമാക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ബോട്ടിങ്‌, കയാക്കിങ്‌ മുതലായവ ആരംഭിച്ച്‌ വി.സി.ബി കം ഫുട്ട്‌ ബ്രിഡ്‌ജിന്റെ റിസര്‍വോയറിനെ ഒരു സുസ്‌ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്‌. ജലവിഭവ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്‌ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷനാണ്‌ (കെ.ഐ.ഐ.ഡി.സി) പദ്ധതിയുടെ വിശദമായ ഡി.പി.ആര്‍ തയാറാക്കി കിഫ്‌ബിക്ക്‌ സമര്‍പ്പിച്ചത്‌. 5.37 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി നടപ്പാക്കുന്നതിന്‌ കിഫ്‌ബി ധനസഹായം അനുവദിച്ചു. പദ്ധതി 9 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തംഗം ജയ പി.എസ്‌ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ്‌ എഞ്ചിനീയര്‍ പ്രകാശ്‌ ഇടിക്കുള റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ തിലകന്‍.എസ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW