-->
ചെറുതോണി: നഗരംപാറ റെയിഞ്ചിലെ പാല്‍ക്കുളംമേട്ടില്‍ എക്കോ ടൂറിസം നടത്താന്‍ കേന്ദ്രത്തിന്റെ അടക്കം അനുമതി ലഭിച്ചിട്ടുണ്ടോ മറ്റു നിബന്ധനകള്‍ പാലിച്ചോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്‌മൂലം നല്‍കാന്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കൃത്യമായ അനുമതി ഇല്ലങ്കില്‍ പദ്ധതി നടപ്പാക്കില്ലെന്ന് കണ്‍സര്‍വേറ്റര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്‌ഥാന സര്‍ക്കാരും മൂന്നാഴ്‌ചക്കകം സത്യവാങ്ങ് മൂലം നല്‍കണം. പരിസ്‌ഥിതി അനുമതിയടക്കം ഒരനുമതിയും നേടാതെ പദ്ധതി ഉദ്‌ഘാടനം ചെയ്‌തുവെന്ന് ചുണ്ടിക്കാട്ടി തൊടുപുഴയിലെ പരിസ്‌ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോടതി ഉത്തരവ് വന്നതോടെ പാല്‍ക്കുളം മേട് ടൂറിസ്‌റ്റ് കേന്ദ്രം അടച്ചു. ഉല്‍ഘാടനം നടന്ന് മൂന്നാം ദിവസമാണ് പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം അടച്ചുപൂട്ടിയത്. സന്ദര്‍ശകര്‍ക്ക് യാതൊരു സുരക്ഷയുമൊരുക്കാതെയാണ് പാല്‍ക്കുളംമേട് തുറന്നു കൊടുത്തതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കാട്ടാനയടക്കം വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പാല്‍ക്കുളം മേട്ടിലെത്താന്‍ റോഡില്ല. ഇന്‍ഷുറന്‍സില്ല. മൊബൈല്‍ റേഞ്ചില്ല. തുടങ്ങിയ പരാതി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സാധാരണയായി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിനു മുന്‍പ് കിറ്റ്‌സ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് പഠനം നടത്താറുണ്ട്. ഇവിടെ ഇതൊന്നും നടത്തിയിട്ടില്ല. പാല്‍ക്കുളം മേടിന്റെ ഒരു ഭാഗത്ത് ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും പഠനം നടത്തിയ ഒരു സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച അടിവാരത്ത് സംഘടിപ്പിച്ച യോഗത്തിന് ശേഷം മന്ത്രി റോഷി അഗസ്‌റ്റ്യനാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പാല്‍ക്കുളം മേട് വിനോദ സഞ്ചാര കേന്ദ്രം തുറന്നു കൊടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ടതാണ് പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം. നാടിന്റെ വികസനം കണക്കിലെടുത്തു ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കണമെന്ന് ഏറെക്കാലമായി നാട്ടുകാരും പഞ്ചായത്തും ആവശ്യപ്പെടുകയായിരുന്നു. സന്ദര്‍ശകരെ പ്രവേശിപ്പിക്കാതിരുന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയായതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ പാല്‍ക്കുളംമേട് തുറന്നുനല്‍കിയത്.