-->
കിഴക്കമ്പലം: പള്ളിക്കര ജങ്‌ഷനില്‍ ബസും ജീപ്പും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്ക്. വ്യാഴാഴ്‌ച വൈകിട്ട് 5.50-ഓടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
കാക്കനാട് ഭാഗത്തുനിന്നും വന്ന എല്‍.എം.എസ് ബസ് പള്ളിക്കര ജങ്‌ഷനില്‍ നിന്നും മൂവാറ്റുപുഴ റൂട്ടിലേക്ക് തിരിയുന്നതിനിടെയാണ് ജീപ്പുമായി കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കത്തിനിടെ ബസ് ഡ്രൈവറെ ഒരു സംഘം ആക്രമിച്ചതായും വിവരമുണ്ട്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് പള്ളിക്കര ജങ്‌ഷനില്‍ മണിക്കൂറുകളോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
റോഡിന് നടുവില്‍ വാഹനങ്ങള്‍ കിടന്നതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര രൂപപ്പെട്ടു. വിവരമറിഞ്ഞ് പട്ടിമറ്റം പോലീസ് സ്‌ഥലത്തെത്തിയാണ് സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.