Thursday, March 12, 2026 Last Updated 22 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

നാട്ടിലെത്താന്‍ വിമാനമില്ലാതെ ഭാര്യ; ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍

മാന്നാര്‍: നാട്ടിലെത്താന്‍ വിമാനമില്ലാതെ കുടുങ്ങി ഭാര്യ കുവൈത്തില്‍ കഴിയുമ്പോള്‍ ഭാര്യയുടെ വരവുംകാത്ത്‌ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ മോര്‍ച്ചറിയില്‍.
കഴിഞ്ഞ 28ന്‌ ഹൃദയാഘാതം മൂലം മരണപ്പെട്ട കുട്ടമ്പേരൂര്‍ മണലില്‍ വീട്ടില്‍ പരേതനായ എം.എന്‍. രവിയുടെ മകന്‍ സജി (49)യുടെ മൃതദേഹമാണ്‌ കുവൈറ്റില്‍ നഴ്‌സായ ഭാര്യ ലീനയുടെ വരവുംകാത്ത്‌ മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്‌.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ 28ന്‌ രാവിലെയാണ്‌ ഓട്ടോറിക്ഷാ തൊഴിലാളിയായ സജി ഹൃദയാഘാതം മൂലം മരണപ്പെട്ടത്‌. അന്നുതന്നെ വൈകിട്ട്‌ നാട്ടിലേക്ക്‌ വരുന്നതിനായി ലീന വിമാന ടിക്കറ്റ്‌ എടുത്തെങ്കിലും അപ്രതീക്ഷിതമായുണ്ടായ ഇറാന്‍-ഇസ്രയേല്‍ യുദ്ധംമൂലം വിമാനങ്ങള്‍ യാത്ര റദ്ദാക്കുകയും തുടര്‍ന്ന വിമാനത്താവളം അടച്ചിടുകയും ചെയ്‌തതോടെ ലീനയുടെ യാത്ര മുടങ്ങി.
അതോടെ സജിയുടെ സംസ്‌കാര ചടങ്ങുകളും മാറ്റിവെക്കുകയായിരുന്നു.
കുവൈറ്റ്‌ സാല്‍മിയയിലെ സിറ ആശുപത്രിയില്‍ നഴ്‌സായ ലീന രണ്ടുമാസം മുമ്പാണ്‌ അവധിക്ക്‌ നാട്ടിലെത്തി മടങ്ങിയത്‌.
കുവൈറ്റിലെ സാംസ്‌കാരിക സംഘടനയായ കല കുവൈറ്റ്‌ ഭാരവാഹികള്‍ ലീനയെ നാട്ടിലെത്തിക്കുവാനുള്ള പരിശ്രമത്തിലാണ്‌. ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്‌ഥര്‍ എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ലീന പറഞ്ഞു.
വിമാനത്താവളം തുറന്നാലും കണക്ഷന്‍ ഫ്‌ളൈ റ്റിനായി കാത്ത്‌ ഹോട്ടലുകളില്‍ കഴിയുന്ന യാത്രക്കാര്‍ക്കായിരിക്കും വിമാനക്കമ്പനികളുടെ പ്രാഥമിക പരിഗണന എന്നതിനാല്‍ അക്കൂട്ടത്തില്‍ ലീനയ്‌ക്കും യാത്ര തരപ്പെടു ത്താനുള്ള ശ്രമങ്ങളാണ്‌ ഇന്ത്യന്‍ എംബസിയും കല കുവൈറ്റ്‌ ഭാരവാഹികളും നടത്തുന്നത്‌.
ലീനയെത്തി സജിയുടെ മൃതദേഹം എത്രയുംവേഗം സംസ്‌കരിക്കാന്‍ കഴിയണമെന്ന പ്രാര്‍ഥനയിലാണ്‌ സജിയുടെ മാതാവ്‌ ശാന്തമ്മയും മകള്‍ സോനയും. സഹോദരങ്ങളായ രതീഷും രജനിയും മറ്റ്‌ ബന്ധുക്കളും സജിയുടെ വാടകവീട്ടില്‍ ലീനയുടെ വരവും കാത്തിരിപ്പാണ്‌.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW