-->
പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ പ്രശസ്‌ത നര്‍ത്തകിക്കുനേരേ വേദിയില്‍ അധിക്ഷേപവും കൈയേറ്റശ്രമവും. പ്രശസ്‌ത കലാകാരിയും മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളം അധ്യാപികയുമായ ഡോ. സംപ്രീതയ്‌ക്കാണു ദുരനുഭവമുണ്ടായത്. തിരുവിതാംകൂര്‍ ദേവസം ബോര്‍ഡിന്റെ അധീനതയിലുള്ളതാണു ക്ഷേത്രം.
ക്ഷേത്രത്തില്‍ എട്ടാം ഉത്സവ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് ഉത്സവം നടത്തുന്നത്. അമ്മയുടെ നാടായതിനാല്‍ പ്രതിഫലം വാങ്ങാതെയാണു നൃത്ത പരിപാടി നടത്താന്‍ സമ്മതിച്ചതെന്നു ചെന്നൈയില്‍ സ്‌ഥിരതാമസക്കാരിയായ ഡോ. സംപ്രീത പറഞ്ഞു.
അറിയിച്ചിരുന്നതിലും ഏറെ വൈകിയാണ് വേദിയില്‍ അവസരം നല്‍കിയത്. ഒരിനം കഴിഞ്ഞപ്പോഴേക്കും ഒരാള്‍ കയറി വന്നു മോശമായി സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്‌തു. ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ അടിക്കാന്‍ ശ്രമിച്ചെന്നും ഡോ. സംപ്രീത പരാതിയില്‍ പറയുന്നു. ദേവസം ബോര്‍ഡ് അധികൃതര്‍ ആരും വിഷയത്തില്‍ ഇടപെട്ടില്ല. ഇതോടേ പരിപാടി നിര്‍ത്തി ഡോ. സംപ്രീതയും കുടുംബവും മടങ്ങി. തുടര്‍ന്നു പോലീസിലും ദേവസം ബോര്‍ഡ് പ്രസിഡന്റിനും പരാതി നല്‍കി. ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തമ്മില്‍ തര്‍ക്കവും കോടതിയില്‍ പരാതിയുമുള്ളതിനാല്‍ ഉപദേശക സമിതിയെ ഒഴിവാക്കി ഉത്സവം നടത്തിപ്പ് ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.