-->
അടൂര്‍: പാര്‍ത്ഥസാരഥി ജംഗ്‌ഷനില്‍ കുളത്തിന് വടക്കുവശത്തുകൂടിയുള്ള ഇടറോഡരുകിലെ മൂടിയില്ലാത്ത ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് നാറുന്നു. ക്ഷേത്രത്തിലേക്കും ലാബ്, ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രക്‌ടീസ് നടത്തുന്നിടത്തേക്കും നിരവധി പേര്‍ സഞ്ചരിക്കുന്ന സ്‌ഥലത്താണ് മലിന ജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത്. ഓടയ്‌ക്ക് മൂടിയില്ലാത്തതിനാല്‍ മാലിന്യവും ഈ ഓടയില്‍ തള്ളുന്നുണ്ട്. പ്ലാസ്‌റ്റിക് കവറുകള്‍, പേപ്പര്‍, കുപ്പികള്‍ ആഹാര അവശിഷ്‌ടങ്ങള്‍ എന്നിവയും ഓടയിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇതോടെ ഓടയിലെ വെള്ളം ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. വെള്ളക്കെട്ടില്‍ മുട്ടയിട്ട് കൊതുകുകളും പെറ്റുപെരുകുന്നു. ഓടയ്‌ക്ക് മുടിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ ഓടയിലേക്ക് വീണ് അപകടമുണ്ടാകുന്നുണ്ട്. രണ്ട് കാറുകള്‍ക്ക് കഷ്‌ടിച്ച് പോകാനുള്ള ഇടമേ റോഡിനുള്ളൂ.
ഇവിടെ രാവിലെ മുതല്‍ വൈകിട്ട് വരെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത സ്‌ഥിതിയാണ്.ഓടയ്‌ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്‌ഥാപിച്ചാല്‍ മാലിന്യം ഓടയില്‍ തള്ളുന്നതും വാഹനങ്ങള്‍ ഓടയില്‍ വീഴുന്നതും ഒഴിവാക്കാനാകും.