-->
പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .എസ് കൃഷ്‌ണകുമാര്‍ അവതരിപ്പിച്ചു. 24 കോടി 54 ലക്ഷം രൂപ വരവും 24 കോടി 5 ലക്ഷം രൂപ ചിലവും 49 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്. കാര്‍ഷിക ഗ്രാമമായ പന്തളം തെക്കേക്കരയുടെ കാര്‍ഷിക പൈതൃകം നിലനിര്‍ത്തുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. വിള ആരോഗ്യ കേന്ദ്രത്തിനായി 56 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക മിനി ഡയറി ഫാമിനും തെരുവ് നായകളെ വന്ധീകരിക്കുന്നതിനും പേവിഷബാധ നിര്‍മ്മാജനത്തിനും പോര്‍ട്ടബിള്‍ എ.ബി.സി സെന്റര്‍ എന്ന നൂതന പദ്ധതികള്‍ക്കും 37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പിങ്ക് മാര്‍ക്കറ്റിംഗ് നാരി ശക്‌തി, ഷി ഓട്ടോ, ആട് ഗ്രാമം, ജനകീയ ഹോട്ടല്‍ എന്നിവ ആരംഭിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനും പകല്‍ വീടിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ഫണ്ട് അനുവദിച്ചു.
ഇനോക്കുലം നിര്‍മ്മാണ യൂണിറ്റ് വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍, പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും സ്‌മാര്‍ട്ട് ക്ലാസ് മുറികള്‍, അംഗപരിമിതര്‍ക്കുള്ള വാക്കര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും ബജറ്റില്‍ ഫണ്ട് വകയിരുത്തി. വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി കൂടുതല്‍ തുക അനുവദിച്ച് കാര്യക്ഷമമായി നടത്തുവാനുള്ള തുകയും ബജറ്റിലുണ്ട്. കുടിവെള്ള മേഖലയില്‍ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം പഞ്ചായത്തില്‍ പരിപൂര്‍ണ്ണമായി നടപ്പിലാക്കാനും ഭഗവതിക്ക് പടിഞ്ഞാറ് മിനി കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാനും എസ് .സി മേഖലയിലെ മിനി കുടിവെള്ള പദ്ധതികള്‍ക്ക് വൈദ്യുതി ചാര്‍ജ് നല്‍കുന്നതിനും ഫണ്ട് വകയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതി എന്നിവയ്‌ക്ക് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ തുക ബജറ്റിലുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ള യുവതി യുവാക്കള്‍ക്ക് തൊഴില്‍ തേടി വിദേശത്ത് പോകുന്നതിന് ധനസഹായം, ഊര്‍ജ്‌ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ മുഴുവന്‍ സ്‌ഥാപനങ്ങളിലും സൗരോര്‍ജ യൂണിറ്റുകള്‍ സ്‌ഥാപിക്കുന്നതിനും സൗരോര്‍ജ്‌ജ തെരുവു വിളക്കുകള്‍ സ്‌ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.