-->
കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ സി.പി.എമ്മില്‍ നിന്നു കെ.എം. രാധാകൃഷ്‌ണന്‍ തന്നെ, ഏറ്റുമാനൂരില്‍ വി.എന്‍.വാസവനും കോട്ടയത്തു കെ. അനില്‍കുമാറും മത്സരിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.
ജില്ലയില്‍ സി.പി.എം.മത്സരിക്കുന്ന മൂന്നു സീറ്റുകളില്‍ വാസവനും അനില്‍കുമാറും നേരത്തെ സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.പുതുപ്പള്ളിയില്‍ മാത്രമായിരുന്നു, ആശയക്കുഴപ്പം നിലനിന്നിരുന്നത്. കഴിഞ്ഞ മൂന്നു തവണയും മത്സരിച്ച ജെയ്‌ക് സി. തോമസ് ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പേരുകളില്‍ സി.പി.എം. ആലോചന തുടങ്ങിയത്. റെജി സഖറിയെയാണ് പാര്‍ട്ടി ഉദേശിച്ചതെങ്കിലും അദ്ദേഹം വിയോജിച്ചതോടെ കെ.എം. രാധാകൃഷ്‌ണനിലേക്ക് എത്തുകയായിരുന്നു. ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്‌റ്റില്‍ കെ.എം. രാധാകൃഷ്‌ണനൊപ്പം റെജിയും ഇടംപിടിച്ചിരുന്നു.
കോട്ടയത്തു അനില്‍ കുമാറിനൊപ്പം സുരേഷ് കുറുപ്പിന്റെയും പി.കെ. ഹരികുമാറിന്റെയും പേരും ഉള്‍പ്പെട്ടിരുന്നു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയായ കെ.എം. രാധാകൃഷ്‌ണന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി എല്‍.ഡി.എഫ്. പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയാണ്. രണ്ടു തവണ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യനായ രാധാകൃഷ്‌ണനിലൂടെ ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കാനാകുമെന്നു എല്‍.ഡി.എഫ്. നേതൃത്വം കരുതുന്നു.
അതേസമയം, മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് - എമ്മും സി.പി.ഐയും ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. അതേസമയം, യു.ഡി.എഫില്‍ പല സീറ്റുകളിലും ആശയക്കുഴപ്പം തുടരുകയാണ്‌്. ഏറ്റുമാനൂര്‍ സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസുമായി ഇതുവരെ ധാരണയിലെത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
ചങ്ങനാശേരിയിലും ഇതേ അവസ്‌ഥ നിലനില്‍ക്കുന്നു. സീറ്റുകള്‍ ഏറ്റെടുക്കുന്നതുമായി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തില്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം അതൃപ്‌തരാണ്. തൃശൂരില്‍ ഇരിങ്ങാലക്കുടയും ഇടുക്കിയില്‍ ഇടുക്കിയും ഏറ്റെടുക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ ഉപയോഗിക്കുന്നതു പോലെ അനാവശ്യ സമര്‍ദം ഏറ്റുമാനൂരിലും ചങ്ങനാശേരിയിലൂം കോണ്‍ഗ്രസ് സൃഷ്‌ടിക്കുകയാണെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പരാതി.