-->
തൊടുപുഴ: അപകടത്തില്‍പ്പെട്ട് കൈ നഷ്‌ടപ്പെടുമായിരുന്ന 27-വയസുകാരന് സ്‌മിത മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ വിദഗ്‌ധ ചികിത്സയിലൂടെ പുതുജീവന്‍. കൈമുട്ടിന് മുകളിലേറ്റ ഗുരുതരമായ ഒടിവും പ്രധാന രക്‌തധമനിക്കേറ്റ പരുക്കും കാരണം കൈയിലേക്കുള്ള രക്‌തയോട്ടം നിലച്ച നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കൈയിലെ പ്രധാന ധമനിയായ ബ്രാക്കിയല്‍ ആര്‍ട്ടറി തകര്‍ന്ന് രക്‌തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തി. വൈകുംതോറും കൈ മുറിച്ചു മാറ്റേണ്ടിവരുമെന്ന സാഹചര്യത്തില്‍ ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്‌റ്റിക് സര്‍ജറി വിഭാഗങ്ങള്‍ സംയുക്‌തമായി അടിയന്തര ശസ്‌ത്രക്രിയ നിശ്‌ചയിച്ചു.
ഡോ. എബി തോമസ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഒടിഞ്ഞ അസ്‌ഥികള്‍ യഥാസ്‌ഥാനത്ത് ഉറപ്പിച്ചു. തുടര്‍ന്ന് പ്ലാസ്‌റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. താര അഗസ്‌റ്റിന്റെ നേതൃത്വത്തില്‍ കാലിലെ രക്‌തധമനി മുറിച്ചെടുത്ത് കൈയിലെ തകരാറിലായ ധമനി കൂട്ടിയോജിപ്പിച്ചു. ഇതോടെ കൈയിലേക്കുള്ള രക്‌തയോട്ടം പൂര്‍വസ്‌ഥിതിയിലായി.
രോഗി പൂര്‍ണ ആരോഗ്യവാനായി ഫെബ്രുവരി 26 ന് ആശുപത്രി വിട്ടു. 24 മണിക്കൂറും സുസജ്‌ജമായ എമര്‍ജന്‍സി വിഭാഗം, അനസ്‌തേഷ്യ ടീം, ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമ, പ്ലാസ്‌റ്റിക് ആന്‍ഡ് റിക്കന്‍സ്‌ട്രക്‌റ്റീവ് സര്‍ജറി എന്നീ വിഭാഗങ്ങളുടെ ഏകോപിത പ്രവര്‍ത്തനം ഇത്തരം സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്‌മിത മെമ്മോറിയല്‍ ഹോസ്‌പിറ്റലിവിന്റെ കരുത്ത് തെളിയിക്കു ന്നതാണെന്ന് ഹോസ്‌പിറ്റല്‍ സി.ഇ.ഒ: ഡോ. രാജേഷ് നായര്‍ അറിയിച്ചു.