-->
മൂവാറ്റുപുഴ: കൃഷിക്കും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കി വാളകം ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലില്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് രജിത സുധാകരന്‍ അധ്യക്ഷയായി.24,27,45,721 രൂപ വരവും 24,06,27,960 രൂപ ചിലവും 21,17,761 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാര്‍ഷിക ഗ്രാമമാണ് വാളകം. അതിനാല്‍ കാര്‍ഷിക മേഖലയ്‌ക്കും സേവന മേഖലയ്‌ക്കും വലിയ പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. കൃഷി, മൃഗസംരക്ഷണ മേഖകളില്‍ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി ബജറ്റില്‍ 70 ലക്ഷം രുപ വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷി വികസനം, സമഗ്ര പുരയിടകൃഷി വികസനം, കറവപശു വിതരണം, ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി, മുട്ടക്കോഴി വിതരണം തുടങ്ങി ഉത്‌പാദന മേഖലയ്‌ക്ക് കരുത്തേകുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്.വീടില്ലാത്ത എല്ലാവര്‍ക്കും വീടും സ്‌ഥലവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഭവന പദ്ധതിക്ക് ആകെ 4 കോടി രൂപ വകയിരുത്തി. ഡയാലിസ് രോഗികള്‍ക്ക് ചികിത്സ ധനസഹായം 5 ലക്ഷം രൂപയും പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സി.സി.ടി.വി. സ്‌ഥാപിക്കുന്നതിന് 8 ലക്ഷം രൂപയും ഉള്‍പ്പെടെ സേവന മേഖലയില്‍ 5 കോടി 48 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനും അങ്കണവാടികളിലെ മെയിന്റന്‍സ്, സ്‌കൂളുകളിലെ ചുറ്റുമതില്‍ നിര്‍മാണത്തിനുമായി പശ്‌ചാത്തല മേഖലയില്‍ 3 കോടി 46 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസം, യുവജന ക്ഷേമം 40 ലക്ഷവും ആരോഗ്യ മേഖലയ്‌ക്ക് 37 ലക്ഷവും വയോജനങ്ങള്‍ക്ക് 9 ലക്ഷവും അങ്കണവാടി പോഷകാഹാര വിതരണത്തിന് 17 ലക്ഷവു ഭിന്നശേഷിക്കാരാ യ കുട്ടികളുടെ ക്ഷേമത്തിന് 24 ലക്ഷവും പട്ടികജാതി ക്ഷേമത്തിന് 22.5 ലക്ഷവും വകയിരുത്തി. പഞ്ചായത്തിലെ മുഴുവന്‍ മേഖലകളിലും വികസനവും സാമുഹിക ക്ഷേമവും ഉറപ്പാക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്‌തിരിക്കുന്നത്.