-->
മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലും ലോട്ടറി വ്യാപാര സ്‌ഥാപനത്തിലും അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി. സ്‌ഥാപന ഉടമയായ പ്രവീണ്‍ എം.ജി. ക്ക് മര്‍ദ്ദനമേറ്റു. വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്‌ച വൈകുന്നേരം നാലിനായിരുന്നു സംഭവം. കെട്ടിട ഉടമയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രവീണ്‍ കൃത്യമായി വാടക നല്‍കി വന്നിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ വാടക തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഇത് നിരസിച്ച് പതിവുപോലെ മാതാവിന്റെ അക്കൗണ്ടിലേക്ക് തന്നെ പ്രവീണ്‍ വാടക നല്‍കി. ഇതില്‍ പ്രകോപിതനായ മകന്‍ മര്‍ദ്ദിക്കുകയും കടയില്‍ നിന്നും ഇറക്കി വിടുകയും ചെയ്‌തതായി പ്രവീണ്‍ മൂവാറ്റുപുഴ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ പ്രവീണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.