-->
ആലപ്പുഴ: അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ വിജിലന്‍സ് വകുപ്പിനെ സര്‍ക്കാര്‍ ആധുനികവത്‌ക്കരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീകരിച്ച ആലപ്പുഴ സബ് ജയിലിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചുറ്റുമതിലിന്റെയും ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സുതാര്യവും സത്യസന്ധവുമായ ഭരണനിര്‍വഹണം ഉറപ്പാക്കുന്നതില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ബ്യൂറോ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. പുതിയ സൗകര്യങ്ങള്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനവും വേഗതയും സുതാര്യതയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജയിലുകള്‍ ഇന്ന് കേവലം ശിക്ഷാകേന്ദ്രങ്ങളല്ല, മറിച്ച് തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിലെ തടവുകാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങളും മാനസികാരോഗ്യ പിന്തുണയും തൊഴില്‍ പരിശീലനവും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാകണമെങ്കില്‍ ഉദ്യോഗസ്‌ഥര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ആധുനിക സജ്‌ജീകരണങ്ങളും അനിവാര്യമാണ്. ഈ കാഴ്‌ചപ്പാടോടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒട്ടനവധി ഇടപെടലുകളാണ് സംസ്‌ഥാന സര്‍ക്കാര്‍ നടത്തിവന്നത്-മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ എച്ച്.സലാം എം.എല്‍.എ അധ്യക്ഷനായി. ജയില്‍ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ജയിലുകള്‍ കേവലം തടവറകള്‍ എന്നതിലുപരി മനുഷ്യരെ നവീകരിക്കുന്ന ഇടമായി മാറണമെന്നും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജയില്‍-പോലീസ് വകുപ്പുകളെ കാലോചിതമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ. മുഖ്യാതി ഥിയായി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ കേരളത്തിലെ ആഭ്യന്തര-ജയില്‍ വകുപ്പുകളില്‍ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു. 1.12 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച സബ് ജയിലില്‍ 49 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യമുണ്ട്. തടവുകാരുടെ താമസസൗകര്യങ്ങള്‍, ഭരണ വിഭാഗം, വീഡിയോ കോണ്‍ഫറന്‍സിങ് സിസ്‌റ്റം, സുരക്ഷാ നിരീക്ഷണ സംവിധാനം, അടുക്കള, മെഡിക്കല്‍ മുറി, സന്ദര്‍ശക സൗകര്യം, ശുചിമുറികള്‍, റിക്രീയേഷന്‍ ഹാള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്ക് പരിധിയില്‍പ്പെട്ട കോടതികള്‍ റിമാന്‍ഡ് ചെയ്യുന്ന തടവുകാരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്.
സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1.51 കോടി രൂപ ചെലവഴിച്ചാണ് ചുറ്റുമതില്‍ നിര്‍മിച്ചത്. പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്‍, ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്, വാര്‍ഡ് അംഗം എ.എം നൗഫല്‍, ജയില്‍ ഡി.ഐ.ജി ടി.ആര്‍. രാജീവ്, അഡീഷണല്‍ എസ്.പി ഗില്‍സണ്‍ മാത്യു, ജില്ലാ ജയില്‍ സൂപ്രണ്ട് എ.അംജിത്ത്, അസോസിയേഷന്‍ ഭാരവാഹികളായ പി.എസ് അനീഷ്, എം.ജി രഞ്‌ജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.