-->
അമ്പലപ്പുഴ: പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നടക്കുന്ന പള്ളിപ്പാന ചടങ്ങിന്റെ അനുബന്ധ ചടങ്ങായ ദ്രവ്യകലശം ഇന്ന് സമാപിക്കും. നാളെ ഉത്സവം കൊടിയേറും. ഉച്ചയ്‌ക്ക് 12.12 നും 12.40 നും ഇടയിലാണ് കൊടിയേറ്റ്. 15 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ബ്രഹ്‌മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങള്‍ ഇരുപത്തി നാല് കുടങ്ങളില്‍ നിറച്ച് പൂജിച്ച് തൊള്ളായിരത്തി എഴുപത്തി ആറ് പരികലശങ്ങള്‍ക്കൊപ്പം സഹസ്രകലശമായി ദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ദ്രവ്യ കലശം.
രാജപ്രതി നിധി തെക്കേടത്ത് നാരായണ ഭട്ടതിരി താന്ത്രികാചാര്യന്മാരായ പുതുമന, കടിയക്കോല്‍ തന്ത്രിമാര്‍ക്ക് വസ്‌ത്രവും പവിത്രവും നല്‍കി അവരെ ആചാര്യന്മാരായി അവരോധിച്ചതോടെ ഫെബ്രുവരി 26ന് ചടങ്ങുകള്‍ ആരംഭിച്ചു. ബിംബ ശുദ്ധി കൃയകളുടെ ഭാഗമായി ചതു ശുദ്ധി, ധാര, ഗണപതി പൂജ, പ്രാസാദ ശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്‌തു പൂജ, വാസ്‌തുകലശപൂജ, രക്ഷാകലശ പൂജ, ശാന്തി ഹോമം, നവീകരണ പ്രയശ്‌ചിത്ത ഹോമം എന്നീ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ഗണപതിനടയ്‌ക്ക് സമീപം പ്രത്യേകം തയാറാക്കിയ മണ്ഡപ ത്തില്‍ സഹസ്രകലശത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അധിവാസത്തിങ്കല്‍ ഉഷ:പൂജക്കും മുളയറ ഭഗവതിക്കും ശിവനും കലശാഭിഷേകത്തിനും ശേഷം പരികലശാഭിഷേകം ആരംഭിക്കും.
തുടര്‍ന്ന് ബ്രഹ്‌മകലശം, കുംഭേശ കര്‍ക്കരി കലശം എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി ശ്രീകോവിലിനുള്ളില്‍ എഴുന്നള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശാഭിഷേകം പൂര്‍ത്തിയാകും. രാത്രിയില്‍ ആനപ്പുറത്ത് വിളക്ക് എഴുന്നുള്ളത്ത് നടക്കുന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമാകും. കൊടിയേറ്റിനുള്ള കൊടിക്കയര്‍ സമര്‍പ്പണവും ഇന്ന് നടക്കും.