-->
മാവേലിക്കര: നഗരസഭ ബജറ്റ് ചര്‍ച്ചയില്‍ ആദ്യാവസാനം കത്തിനിന്നത് കോട്ടതോട് വിഷയം. കോട്ടതോടിന് ഫണ്ട് അനുവദിച്ചത് പര്യാപ്‌തമല്ല എന്ന് തുടങ്ങി കൈയേറ്റ ങ്ങള്‍ ഉഴിപ്പിക്കുന്ന വിഷയങ്ങള്‍ അങ്ങനെ കോട്ടതോടിനെ ശുദ്ധീകരിക്കുന്ന വിഷയത്തിലെ പ്രകൃതിസൗഹൃദ നിലപാടുകള്‍വരെ ചര്‍ച്ചയായി. അവസാനം കോട്ടതോട് വിഷയം പറഞ്ഞു തന്നെ സഭയില്‍ ബഹളവും നടന്നു പിന്നീട് ഇറങ്ങിപ്പോക്കും. കുളയട്ടയുടെ സ്വഭാവമുള്ള ചില കച്ചവടക്കാരാണ് കോട്ടത്തോടിനെ നശിപ്പിക്കുന്നതെന്ന് നഗരസഭ മരാമത്ത് സ്‌റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍ സജീവ് പ്രായിക്കര അഭിപ്രായപ്പെട്ടു.
എല്‍.ഡി.എഫ് കൗണ്‍സില്‍ കാലത്ത് നിര്‍മ്മിച്ച ബോക്‌സ് കള്‍വെര്‍ട്ടുകളാണ് നിലവില്‍ കോട്ടതോട്ടിലെ ഒഴുക്ക് തടസപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസിലെ എം.രമേശ് കുമാര്‍ പറഞ്ഞു. അന്ന് നിര്‍മ്മിതിയ്‌ക്ക് ചെയര്‍പേഴ്‌സണായിരുന്ന ലീല അഭിലാഷിനോടൊപ്പം നിന്ന രമേശ് കുമാര്‍ ഇപ്പോള്‍ മലക്കം മറിയുകയാണെന്ന് സി.പി.എമ്മിലെ സി.സുരേഷും അഭിപ്രായപ്പെട്ടു. കോട്ടതോട്ടിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ താന്‍ മുന്‍പിലുണ്ടാകുമെന്ന് ബി.ജെ.പിയിലെ എച്ച്.മേഘനാഥും പറഞ്ഞു. കോട്ടത്തോടിന്റെ ശുദ്ധീകരണം മാത്രമാണ് ബജറ്റിലുള്ളതെന്നും ശാശ്വതപരിഹാരം ചര്‍ച്ചയാകുന്നില്ലെന്നും സി.പി.എമ്മിലെ അഡ്വ.അനില്‍കുമാര്‍ പറഞ്ഞു.