Thursday, March 12, 2026 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.54 AM

ചെങ്ങന്നൂര്‍ നഗരസഭ ബജറ്റ്‌: വികസനക്കുതിപ്പിന്‌ ഊന്നല്‍

ചെങ്ങന്നൂര്‍: നഗരത്തിന്റെ സമഗ്ര വികസനവും ജനകീയ സേവനങ്ങളും ലക്ഷ്യമിട്ട്‌ നഗരസഭയുടെ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ വൈസ്‌ ചെയര്‍പഴ്‌സണ്‍ സാലി ജയിംസ്‌ അവതരിപ്പിച്ചു. 42,76,36,654 രൂപ വരവും 40,12,11,530 രൂപ ചെലവും 2,64,25,124 രൂപ മിച്ചം പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. നഗരസഭാ സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ജനങ്ങളിലെത്തിക്കാന്‍ കെ-സ്‌മാര്‍ട്ട്‌ സംവിധാനം പൂര്‍ണമായി നടപ്പിലാക്കും. പരാതി പരിഹാരത്തിനും ഓഫീസ്‌ മാനേജ്‌മെന്റിനും കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കും. പൊതുഫണ്ട്‌ വിനിയോഗത്തില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. നഗരസഭയെ സ്വയംപര്യാപ്‌തമാക്കാന്‍ നികുതി പിരിവ്‌ ഊര്‍ജിതമാക്കും. ഷോപ്പിങ്‌ കോംപ്ലക്‌സ്, ടൗണ്‍ ഹാള്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ എന്നിവയുടെ നവീകരണത്തിന്‌ മുന്‍ഗണന നല്‍കും.
കെട്ടിട നിര്‍മാണത്തിനായി കെ.യു.ആര്‍.ഡി.എഫ്‌സിയില്‍നിന്ന്‌ പലിശരഹിത വായ്‌പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. അടുത്ത 40 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടുള്ള റിസ്‌ക് ഇന്‍ഫോംഡ്‌ മാസ്‌റ്റര്‍ പ്ലാന്‍ അടിയന്തിരമായി പുനഃപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടും. ഇതിനായുള്ള കൗണ്‍സില്‍ അംഗീകാരം നേടി ജില്ലാ ടൗണ്‍ പ്ലാനിങ്‌ വിഭാഗത്തിന്‌ കൈമാറിയിട്ടുണ്ട്‌. മാലിന്യ സംസ്‌കരണത്തിനായി ജൈവമാലിന്യ പ്ലാന്റ്‌ പ്രവര്‍ത്തനസജ്‌ജമാക്കും. ഹരിത കര്‍മസേനയ്‌ക്ക് വരുമാനം ഉറപ്പാക്കാന്‍ ഇനോകുലം യൂണിറ്റുകള്‍ സ്‌ഥാപിക്കും. തുമ്പൂര്‍മുഴി യൂണിറ്റുകള്‍ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സ്‌ഥാപിക്കും.
കക്കൂസ്‌ മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി നീക്കംചെയ്യാന്‍ സ്വന്തമായി ക്ലീനര്‍ വാങ്ങും. ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെയും കുടുംബശ്രീ മുഖേനയും പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ ഒരുക്കും. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്‌ സ്‌ഥലം കണ്ടെത്തും. മുണ്ടങ്കാവ്‌ ജംഗ്‌ഷന്‍ നവീകരണം പുതിയ തെരുവുവിളക്കുകള്‍, ബസ്‌ ഷെല്‍ട്ടറുകളുടെ നവീകരണം എന്നിവ വഴി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ നടപ്പിലാക്കും.
വാട്ടര്‍ അതോറിറ്റിയുടെ പരിമിതികള്‍ മറികടക്കാന്‍ വേലന്‍പാറ, പാണ്ഡവന്‍പാറ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. നിലവില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ 12 ലക്ഷം രൂപയും അമൃത്‌ പദ്ധതി വഴി സൗജന്യ കണക്ഷന്‌ രണ്ട്‌ കോടി രൂപയും വകയിരുത്തി. തരിശുഭൂമികളില്‍ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പൂക്കൃഷി , കേര കര്‍ഷകര്‍ക്കുള്ള സഹായം, ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായം എന്നിവ തുടരും വിദേശത്ത്‌ ജോലി ലഭിക്കുന്ന പട്ടികജാതി യുവാക്കള്‍ക്ക്‌ വിമാന ടിക്കറ്റിനും വിസയ്‌ക്കും 1.25 ലക്ഷം രൂപ വരെ ധനസഹായം നല്‍കും.
ആയുര്‍വേദ ആശുപത്രിക്ക്‌ 15 ലക്ഷവും ഹോമിയോ ആശുപത്രിക്ക്‌ അഞ്ചുലക്ഷവും നല്‍കും. വയോമിത്രം പദ്ധതിക്കായി 15 ലക്ഷം വകയിരുത്തി. സ്‌കൂളുകള്‍ സ്‌മാര്‍ട്ട്‌ ആക്കുന്നതിനും ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക നീക്കിവെച്ചു. കേന്ദ്രീയ വിദ്യാലയത്തിനായി സ്‌ഥലം കണ്ടെത്തും.
മറ്റ്‌ പ്രധാന പദ്ധതികള്‍

ചാലുകളുടെ ബണ്ടുകളില്‍ സോളാര്‍ പാനലുകള്‍ സ്‌ഥാപിച്ച്‌ വൈദ്യുതി ഉല്‍പാദനം
വന്ധ്യംകരണ പദ്ധതിയും (എബിസി) ഡോഗ്‌ ഷെല്‍ട്ടറുകളും വിപുലീകരിക്കും.
വിവരശേഖരണത്തിനായി വെതര്‍ സ്‌റ്റേഷന്‍ സ്‌ഥാപിക്കും.
നീന്തല്‍ പരിശീലനം ആരംഭിക്കും.
തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി ശബരിമല, പരുമല, ചക്കുളത്തുകാവ്‌ തീര്‍ഥാടകര്‍ക്കായി അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കും. ആറന്മുള പള്ളിയോടങ്ങള്‍ക്ക്‌ ധനസഹായം നല്‍കും.നഗരസഭ ചെയര്‍പഴ്‌സണ്‍ മനീഷ്‌ കീഴാമഠത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ദീപ എം.ഡി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 05 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW