-->
മാനന്തവാടി: ജില്ലയുടെ ഗതാഗത രംഗത്ത് നിര്‍ണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിര്‍മ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂര്‍ക്കാവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. 208 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു. പാലം യാഥാര്‍ഥ്യമായതോടെ കാവണകുന്ന്, ചെറുവയല്‍, പൂളക്കല്‍, കമ്മന, കുരിശിങ്കല്‍, ആറാം മൈല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഞ്ചാരം ഏറെ സുഗമമാകും.
സംസ്‌ഥാനത്തിന്റെ വികസന ദൗത്യത്തില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതെന്നും ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനവും ദേശീയ പാത 66 ന്റെ നവീകരണവും ലക്ഷ്യമാക്കി 5550 കോടി രൂപയാണ് സംസ്‌ഥാന സര്‍ക്കാര്‍ വിനിയോഗിച്ചിരിക്കുന്നത്. 600 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത പദ്ധതിയില്‍ ഭൂരിഭാഗം പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മലയോര പ്രദേശങ്ങളുടെ വളര്‍ച്ചയെ മുന്‍നിര്‍ത്തി 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റര്‍ നീളമുള്ള പുരോഗമിക്കുകയാണെന്നും ഇത് കര്‍ഷകര്‍ക്കും വിനോദസഞ്ചാര മേഖലക്കും വലിയ പിന്തുണയാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
അഞ്ചവര്‍ഷത്തിനിടെ നൂറു പാലങ്ങള്‍ എന്നതായിരുന്നു 2021ല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് , നിലവില്‍ 150 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്‌ഥാനം നേരിട്ട മഹാ ദുരന്തങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്ന് ് മന്ത്രി ഒ.ആര്‍ കേളു. വള്ളിയൂര്‍ക്കാവ് പാലം ഉദ്‌ഘാടന വേദിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം, നിപ്പ, കോവിഡ് മുതലായ മഹാ ദുരന്തങ്ങളില്‍ തകര്‍ന്നു പോയ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര പദ്ധതിയാണ് റീബില്‍ഡ് കേരളയെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്‌ഥാനത്ത് നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വള്ളിയൂര്‍ക്കാവ് ദേവസ്വം സ്‌ഥലത്തിലൂടെയാണ് പാലം നിര്‍മ്മിച്ചതെന്നും പുതിയ പാലം യാഥാര്‍ഥ്യമായതോടെ പഴയ പാലം നിലനിന്നിരുന്ന സ്‌ഥലം ദേവസ്വത്തിന് തിരികെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
പത്മശ്രീ ചെറുവയല്‍ രാമന്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ജേക്കബ് സെബാസ്‌റ്റ്യന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍,ജില്ലാ കളക്‌ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ജില്‍സണ്‍ തൂപ്പുംകര, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ഫ്രാന്‍സിസ്, എടവക ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി വര്‍ക്കി, വള്ളിയൂര്‍ക്കാവ് പാരമ്പര്യ ട്രസ്‌റ്റി ഏച്ചോം ഗോപി, താബോര്‍ ചര്‍ച്ച് വികാരി മോന്‍സി ജേക്കബ്, കോഴിക്കോട് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എസ് അജിത്ത്, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ പൊതുജനങ്ങള്‍ പങ്കെടുത്തു.