-->
എടപ്പാള്‍: കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിലെ അറബിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ടാലന്റ് ഫെസ്‌റ്റ് (സീസണ്‍ ത്രീ) ഗ്രാന്‍ഡ് ഫിനാലെ പ്രോഗ്രാമിലെ വിജയികളെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ പാരായണത്തോടുള്ള താല്‍പ്പര്യം വളര്‍ത്തുക, ശരിയായ ഉച്ചാരണം, രീതി, ശൈലി എന്നിവയില്‍ അവരെ പ്രാവീണ്യരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ മത്സരത്തില്‍ മോണ്ടിസോറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിഭാഗങ്ങളില്‍ 150ല്‍പരം വിദ്യാര്‍ത്ഥികള്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. ഓരോ ക്ലാസില്‍ നിന്നും മികച്ച പ്രകടനം കാഴ്‌ചവെച്ചവരെ തെരഞ്ഞെടുത്തു. ഓരോ ക്ലാസില്‍ നിന്നും ഒരു ആണ്‍കുട്ടിക്ക് ഖുര്‍ആന്‍ കിംഗ്, ഒരു പെണ്‍കുട്ടിക്ക് ഖുര്‍ആന്‍ ക്വീന്‍ എന്നീ പുരസ്‌കാരങ്ങളും നല്‍കി. ഇതിനു പുറമെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് റണ്ണേഴ്‌സ് അപ്പ് എന്ന ബഹുമതിയും ലഭിച്ചു. ഇരിമ്പിളിയം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ഉമ്മര്‍ പുനത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഡിയല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ കെ.കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മാനേജര്‍ മജീദ് ഐഡിയല്‍ മുഖ്യപ്രഭാഷണം നടത്തി. അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ, വി. മൊയ്‌തു, വി.വി. ഷംസുദ്ദീന്‍, അന്‍വര്‍ വെള്ളാഞ്ചേരി, ഹാഫിസ് മുസ്‌തഫ, ഷാജഹാന്‍ പുറങ്ങ്, കെ. മുബാറക് പ്രസംഗിച്ചു.