-->
പയ്യാവൂര്‍: കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വായന വര്‍ധിച്ചിട്ടുണ്ടെന്നും പ്രശസ്‌ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. മാഹി കലാഗ്രാമത്തില്‍ നടന്ന എസ്.കെ. പൊറ്റെക്കാട് സ്‌മാരക പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുസ്‌തകങ്ങള്‍ വാങ്ങി വായിക്കുന്നവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. ഹിന്ദി അടക്കമുള്ള ഇന്ത്യന്‍ ഭാഷകളെക്കാള്‍ മലയാളത്തില്‍ ഇറങ്ങുന്ന പുസ്‌തകങ്ങള്‍ വില്‍ക്കപ്പെടുന്നു. ഇം?ീഷിലടക്കം പതിനായിരം വിറ്റുപോകുന്ന പുസ്‌തകം ബെസ്‌റ്റ് സെല്ലര്‍ ആകുമ്പോള്‍ നമ്മുടെ പുസ്‌തകങ്ങള്‍ അമ്പതിനായിരവും അതിലേറെയുമാണ് വിറ്റഴിയുന്നത്. ധാരാളം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. ഡിജിറ്റല്‍ കാലഘട്ടത്തിലും പുസ്‌തകങ്ങള്‍ അതിജീവിക്കുന്നു എന്നതിന് തെളിവാണ് മലയാളത്തില്‍ ഇറങ്ങുന്ന ഇത്രയേറെ പുസ്‌തകങ്ങള്‍.
കേരളം എഴുത്തുകാരുടെയും വായനക്കാരുടെയും പ്രസാധകരുടെയും പുണ്യഭൂമിയാണെന്ന് അദ്ദേഹം പറഞ്ഞു.നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അര്‍ഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി ആമുഖ പ്രഭാഷണം നടത്തി. കാതലിന്‍ മരിയ ജീസണ്‍, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിയ്‌ക്കല്‍, സുമ മഹേഷ്, കണ്ണനുണ്ണി, പി.സി. തങ്ക, അരുണ്‍ കളപ്പില, സോജി ഭാസ്‌കര്‍, അജിത് നായര്‍ എന്നിവര്‍ക്ക് പുതിയ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി. ഹര്‍ഷാദ് ബത്തേരി, എം. കുഞ്ഞാപ്പ, കെ എം. ഹാജറ, വി.കെ. ഷീന, സുഭാഷ് പയ്യാവൂര്‍, പി.കെ. റാണി എന്നിവര്‍ പ്രസംഗിച്ചു.