-->
കോഴിക്കോട്: ബേപ്പൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സേ്‌റ്റഷനുകളുടെയും വടകര പുതുപ്പണത്ത് നിര്‍മിക്കുന്ന സംസ്‌ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയിലിന്റെയും പ്രവൃത്തി ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ബേപ്പൂര്‍ പൊലീസ് സേ്‌റ്റഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. തുറമുഖ വകുപ്പ് അനുവദിച്ച 22 സെന്റ് ഭൂമിയില്‍ 2.54 കോടി രൂപ ചെലവിട്ടാണ് രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. താഴെ നിലയില്‍ മൂന്ന് ലോക്കപ്പുകള്‍, റിസപ്‌ഷന്‍, ഐ.പി ഓഫീസ്, ഫസ്‌റ്റ് എയ്‌ഡ്, ജനമൈത്രി പൊലീസ് ഓഫീസ്, ലൈബ്രറി, ആയുധം സൂക്ഷിക്കുന്ന റൂം, കമ്പ്യൂട്ടര്‍ റൂം തുടങ്ങിയവയും ഒന്നാം നിലയില്‍ ക്‌ളറിക്കല്‍ റൂം, റെക്കോഡ് റൂം, ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ്, സാക്ഷി വിസ്‌താര മുറി, വിശ്രമമുറികള്‍, അടുക്കള, വ്യായാമ കേന്ദ്രം, റിക്രിയേഷന്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍, മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പറേഷന്‍ സ്‌ഥിരം സമിതി അധ്യക്ഷന്‍ കെ.രാജീവ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്‌തവത്സലന്‍, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, നോര്‍ത്ത് സോണ്‍ ഐ.ജി രാജ്‌പാല്‍ മീണ, ഫറോക്ക് അസി. കമീഷണര്‍ എ പ്രേംജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥര്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ ഉദ്‌ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടിയോളം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മാണ ചുമതല നിര്‍വഹിച്ചത്.
ചടങ്ങില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പഥംസിങ്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ബി. ജാഫര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കവിത, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സജീത്ത്‌് കുമാര്‍, മെഡിക്കല്‍ കോളജ് പോലീസ് കമീഷണര്‍ കെ.എം. ബിജു, മെഡിക്കല്‍ കോളജ് പോലീസ് സേ്‌റ്റഷന്‍ എസ്.എച്ച്.ഒ. ബി. സുലൈമാന്‍, എ.എസ.് സന്തോഷ്, ടി. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കരാറുകാരന്‍ സി.എ. അബ്‌ദുല്‍ മുഹ്‌സിനെ ചടങ്ങില്‍ ആദരിച്ചു.