-->
ഇലവുംതിട്ട : ഇലവുംതിട്ടയില്‍ കാട്ടുപന്നികളുടെ ആക്രമണം നിത്യസംഭവമാകുന്നു. പ്രധാന റോഡുകളിലും കാട്ടുപന്നി കള്‍ കൂട്ടത്തോടെ എത്തുകയാണ്. കഴിഞ്ഞദിവസം ഉച്ചയോടെ നെടിയകാല ജംഗ്‌ഷന് സമീപം ബൈക്ക് യാത്രികരെ നടുറോഡില്‍ കാട്ടുപന്നി ആക്രമിച്ചു. പരിക്കേറ്റ 2 പേര്‍ ചികില്‍സ തേടി. വനപാത യില്‍ എന്നതുപോലെ രാത്രിയിലും പ്രഭാതങ്ങളിലും പൊതുനിരത്തുകളില്‍ പന്നിക്കൂട്ടങ്ങള്‍ അലഞ്ഞുതിരിയുന്ന അവസ്‌ഥയാണുള്ളത്. ഇവ കൃഷിവിളകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനാല്‍ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്‌ഥയിലാണ്.
കുഴിക്കാല -ഇലവുംതിട്ട റോഡിലെ മൂലൂര്‍ പടി, ഇലന്തൂര്‍ - അയത്തില്‍ റോഡില്‍ തലത്തായി പടി, കുളത്തുങ്കല്‍ പടി എന്നിവിടങ്ങളില്‍ പന്നിക്കൂട്ടങ്ങളെ കൂടാതെ ഒറ്റയാന്‍ പന്നികള്‍ ഇറങ്ങി ശല്യമുണ്ടാക്കുന്നതിനാല്‍ ആള്‍ക്കാര്‍ ഭയപ്പാടിലാണ്.
നാമക്കുഴി മല, പുല്ലാമല, ഇടക്കുന്ന് തുടങ്ങിയ മലകളിലെ കുറ്റിക്കാടുകളില്‍ നിന്നാണ് പന്നിയിറങ്ങി അയത്തില്‍ പ്രദേശത്തും പരിസരത്തുമുള്ള കൃഷികള്‍ നശിപ്പിക്കുന്നത്. അയത്തില്‍, മുട്ടത്തുകോണം, ചെന്നീര്‍ക്കരയിലെ നല്ലാനിക്കുന്ന് - ഐ. ടി. ഐ റോഡ്, ചെന്നീര്‍ക്കര - രാമന്‍ചിറ റോഡ്, രാമന്‍ചിറ - കുളനട റോഡ്, എന്നിവിടങ്ങളിലൂടെ രാത്രിയില്‍ ഇരചക്ര വാഹന യാത്ര പന്നി ശല്യം മൂലം ദുഷ്‌ക്കരമായിരിക്കുകയാണ്. മെഴുവേലിയിലെ കാരിത്തോട്ട- കുറിയാനിപ്പള്ളി റോഡിലൂടെ രാത്രി വൈകി യാത്ര ചെയ്‌താല്‍ പന്നിയാക്രമണം ഉറപ്പാണെന്നാണ് നാട്ടുകര്‍ പറയുന്നത്.
ആണര്‍കോട് - വെള്ളിലഞ്ഞി റോഡില്‍ വെള്ളിലഞ്ഞി ഭാഗത്ത് രാത്രിയില്‍ കാളചന്തയിലെ കാലിക്കൂട്ടം പോലെയാണ് റോഡില്‍ പന്നിക്കൂട്ടം വിഹരിക്കുന്നത്.
ഇവിടെ ആള്‍പ്പാര്‍പ്പ് ഇല്ലാത്തയിടത്ത് വന്‍തോതില്‍ മാലിന്യം കൊണ്ടിടുന്നതും പന്നികള്‍ എത്തുന്നതിന് കാരണമാണ്.
കുളനടയിലെ കടലിക്കുന്നില്‍ കഴിഞ്ഞദിവസം രാത്രി നാട്ടകാരുടെ സഹകരണത്തോടെ ഷൂട്ടര്‍മാര്‍ 2 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ചെന്നീര്‍ക്കര, മെഴുവേലി, കുളനട പഞ്ചായത്ത് ഭരണസമിതികള്‍ യോജിച്ച് ഊര്‍ജിത നടപടി ആവശ്യമാണ്.