-->
തിരുവല്ല: അറബി മലയാള സാഹിത്യങ്ങളിലും മാപ്പിളപ്പാട്ടിന്റെ ലോകത്തും എന്നും വിശ്വഗുരുവായി കണ്ട മാപ്പിള കവി മോയിന്‍കുട്ടി വൈദ്യരുടെ മൊഞ്ചുറുന്ന മാപ്പിളപ്പാട്ടിന്റെ മധുരം വെളിപ്പെട്ട ദിനമായി ഇന്നലെ കലോത്സവ വേദി ഒന്നില്‍ അരങ്ങ് തകര്‍ത്തത് കോല്‍ക്കളിപ്പാട്ടുകളും നൃത്തചുവടുകളും ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ഒട്ടേറെ കാണികളും വിദ്യാര്‍ഥിനി വിദ്യാര്‍ഥികളും പാട്ടിന്റെയും ചുവടുകളുടെയും കരവിരുതില്‍ മിന്നി തിളങ്ങുന്ന മണി കോലുകളുടെയും ഇന്ദ്രജാലങ്ങള്‍ കണ്ണിമയ്‌ക്കാതെ നോക്കിയിരുന്നു.
ഇതിനിടെ ഒരു നൊമ്പരക്കാഴ്‌ചയും വേദിയിലും ആസ്വാദകരിലും വിഷാദമായി. കൊച്ചിന്‍ കോളജിലെ ടീമിന്റെ പിഴവായിരുന്നു രസചരട് പൊട്ടിച്ചത് കോല്‍ക്കളിയുടെ രണ്ടാമത്തെ കോര്‍ക്കല്‍ (താളം) തെറ്റിയതോടെ ടീമിലെ 12 പേരുടെയും ആത്മവിശ്വാസം നഷ്‌ടമായി അവര്‍ വൃത്തം പൂര്‍ത്തിയാക്കി സ്‌റ്റേജ് വിട്ടത് വിതുമ്പി കരഞ്ഞ് കൊണ്ടായിരുന്നു.
കഴിഞ്ഞ കലോത്സവക്കളിയില്‍ മൂന്നാം സ്‌ഥാനവും 2019-20 ല്‍ ഒന്നാം സ്‌ഥാനവും നേടിയ ടീമിനാണ് രണ്ടാം കോര്‍ക്കലില്‍ താളം പിഴച്ച് ചുവട് മാറിപ്പോയത്.
വട്ട കോലില്‍ ആരംഭിച്ച് മറിഞ്ഞാടി മിനുക്ക കളികളിച്ച് മൂന്ന് ചെറു കളിയും മൂന്ന് കോര്‍ക്കലുമാണ് 10 മിനിറ്റില്‍ സ്‌റ്റേജില്‍ അവതരിപ്പിക്കേണ്ടത് പാലക്കാട് സജിത്തിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ അരങ്ങത്ത് എത്തിയത് സജിത്ത് 2013 മുതല്‍ കോല്‍ക്കളി പരിശീലനത്തില്‍ നിരവധി ടീമുകളെ സജ്‌ജമാക്കീട്ടുണ്ട്.
ഇന്നലത്തെ കോല്‍ക്കളി പാട്ടിന്റെ ഇതിവൃത്തങ്ങള്‍ മുഴുവന്‍ പ്രവാചക ചരിത്രങ്ങളും ധീരരായ ബദര്‍ പോര്‍ക്കളത്തിലെ രക്‌തസാക്ഷികളുടെ വീര വിജയകഥകളുമായിരുന്നു. റമദാന്റെ പുണ്യദിനങ്ങളില്‍ ഇസ്ലാമിക സംസ്‌ഥാപനത്തിന്റെ ചരിത്രമുള്ള റമദാന്‍ 17-ാം രാവിന്റെ വീരചരിതം മാപ്പിള മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടുകളിലൂടെ മധ്യകേരളത്തിന്റെ കലോത്സവമാമാങ്കത്തില്‍ പുനര്‍ജനിക്കുകയായിരുന്നു.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പ്രവാചകന്റെ വിശുദ്ധ പോരാട്ടത്തിന്റെ കഥ വിവരിക്കുന്നതായി തരുളര്‍ അരുളിയിട്ടും ചൊടി ചൊടി ഷറഫുറ്റ എന്നു തുടങ്ങിയ പാട്ട് മലബാറിന്റെ തനത് സംസ്‌കാരം എടുത്ത് കാട്ടി. റമീസ് അസ്‌തല്‍ പത്തനംതിട്ടയാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
കോല്‍ക്കളി പാട്ടില്‍ രണ്ടത്താണി ഹംസയുടെയും എസ്. എം. കോയയുടെയും രചനകള്‍ ഉണ്ടായിരുന്നു.
കുച്ചിപ്പുടിയില്‍ വിഷ്‌ണുവിന്
ഒന്നാം സ്‌ഥാനം; തൃപ്പൂണിത്തുറ ആര്‍.എല്‍.വിക്ക് അഭിമാനം
തിരുവല്ല: എം.ജി. സര്‍വകലാശാല കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ കുച്ചിപ്പുടിയില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളജിലെ വിഷ്‌ണു എസ്. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. മികച്ച ചുവടുകളും ഭാവപ്രകടനങ്ങളുംകൊണ്ട് വിധികര്‍ത്താക്കളുടെയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റിയാണ് വിഷ്‌ണു സുവര്‍ണ നേട്ടം കൈവരിച്ചത്.
ഈ വിഭാഗത്തില്‍ കടുത്ത മത്സരമാണ് നടന്നത്. കുമിളി സഹ്യജ്യോതി കോളജിലെ എ.എസ് ആദിത്യനും പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത്ത് സജീവും രണ്ടാം സ്‌ഥാനം പങ്കിട്ടു. മാലിയങ്കര എസ്.എന്‍.എം കോളജിലെ കെ.ജെ ഗൗതം കൃഷ്‌ണ മൂന്നാം സ്‌ഥാനം നേടി.
മാര്‍ത്തോമ കോളജിലെ വേദികളില്‍ നടന്ന കലാപോരാട്ടത്തില്‍ പോയിന്റ് നിലയില്‍ നിര്‍ണായകമായ നേട്ടമാണ് ഈ വിജയത്തിലൂടെ ആര്‍.എല്‍.വി കോളജ് സ്വന്തമാക്കിയത്.